കാസർകോട്: പരിചരണമില്ലാതെ നശിക്കുകയാണ് സർക്കാർ ഉടമസ്ഥതയിലുള്ള ജില്ലയിലെ ഏക ടെന്നിസ് അക്കാദമി. കാസർകോടില്‍ കായിക വികസനത്തിന് ഉണർവേകുമെന്ന പ്രതീക്ഷയോടെ നിർമിച്ച ടെന്നിസ് അക്കാദമിയാണ് നിലവില്‍ കാടുപിടിച്ച് നശിക്കുന്നത്. ടെന്നിസ് അക്കാദമിയുടെ മൺകോർട്ട് പുല്ല് കയ്യേറികഴിഞ്ഞു. കോർട്ടിന്‍റെ അടയാളങ്ങൾ പൂർണമായും മാഞ്ഞതോടെ നെറ്റ് ഉയർത്താനായി സ്ഥാപിച്ച തൂണുകൾ മാത്രമാണ് കോർട്ടിന്‍റെ സ്വഭാവം നിലനിർത്തുന്നത്.
മരക്കഷണങ്ങളും കല്ലുകളും കോർട്ടിന്‍റെയുള്ളിൽ കൂട്ടിയിട്ട് നശിപ്പിച്ച നിലയിലാണുള്ളത്. കോർട്ടിന്‍റെ സുരക്ഷയ്ക്കായി നാലുഭാഗത്തും കമ്പിവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും സാമൂഹ്യവിരുദ്ധര്‍ ഇത് ഭേദിച്ച് അകത്തേക്ക് കടന്നിട്ടുമുണ്ട്. പ്രധാന ഗേറ്റ് താഴിട്ട് പൂട്ടിയിട്ടുണ്ടെങ്കിലും പിറകിലെ ഗേറ്റ് തുറന്നിട്ടിരിക്കുകയാണെന്നുള്ളത് ഇത്തരക്കാര്‍ക്ക് ആശ്വാസമാണെന്നുവേണം പറയാന്‍. എന്നാല്‍ ഡ്രസിങ് മുറിയും ശൗചാലയവും അക്കാദമിയുടെ ഭാഗമായി നിലനിൽക്കുന്നുണ്ട്.
2020 സെപ്റ്റംബറിൽ ഉദ്ഘാടനം കഴിഞ്ഞ അക്കാദമി 20 ദിവസം മാത്രമാണ് തുറന്നുപ്രവർത്തിച്ചത്. ജില്ലാ ഭരണകൂടം, ചെങ്കള പഞ്ചായത്ത്, ജില്ലാ സ്പോർട്സ് കൗൺസിൽ എന്നിവയുടെ സംയുക്ത പദ്ധതിയായാണ് കാസർകോട് നായന്മാർമൂലയിൽ ടെന്നിസ് അക്കാദമി സ്ഥാപിച്ചത്. രണ്ട് വർഷം മുമ്പ് ഏറെ കൊട്ടിഘോഷിച്ച് അന്നത്തെ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനാണ് അക്കാദമി നാടിന് സമർപ്പിച്ചത്. എന്നാൽ പ്രവർത്തനം ആരംഭിച്ച് 20 ദിവസത്തിനപ്പുറം കൊവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് അക്കാദമി അടച്ചുപൂട്ടി. പിന്നീട് നാട്ടുകാർ ഉൾപ്പടെ പലതവണ ആവശ്യപ്പെട്ടിട്ടും അക്കാദമിയുടെ പ്രവർത്തനം പുനരാരംഭിച്ചില്ല.
അതേസമയം ഉടൻ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തി അക്കാദമി തുറന്നുനൽകുമെന്നാണ് ജില്ലാ സ്പോർട്സ് കൗൺസിൽ നൽകുന്ന വിശദീകരണം. റവന്യൂ വകുപ്പിന് കീഴിലുള്ള 40 സെന്‍റ് ഭൂമിയിലാണ് കോര്‍ട്ട് സ്ഥാപിച്ചത്. ജില്ലാ ടെന്നിസ് അക്കാദമിയായി ഉയര്‍ത്തിക്കൊണ്ട് വരാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടത്തുന്നത്. നിര്‍മാണപ്രവര്‍ത്തികള്‍ക്കായി ഗെയിലില്‍ നിന്നും അഞ്ചുലക്ഷം രൂപയുടെ സാമൂഹിക പ്രതിബദ്ധത ഫണ്ടും ഇതിനായി ലഭ്യമാക്കിയിരുന്നു. രാവിലെ 5.30 മുതല്‍ ഒമ്പത് വരെയും വൈകുന്നേരം ഏഴ് മുതല്‍ അര്‍ധരാത്രി 12 വരെയും ടെന്നിസ് കോര്‍ട്ട് ഉപയോഗിക്കും വിധത്തിലാണ് സമയം ക്രമീകരിച്ചിരുന്നത്. എന്നാൽ ഇതൊന്നും പ്രവര്‍ത്തിച്ചുകണ്ടില്ലെന്നു മാത്രം.