കാസർകോട് : ടാറ്റ ഗ്രൂപ്പ് നിർമിച്ച് നൽകിയ ടാറ്റ ട്രസ്റ്റ് ഗവ. ആശുപത്രി ക്രിട്ടിക്കൽ കെയർ യൂണിറ്റാക്കുന്നു (Tata Covid Hospital in Kasaragod will be constructed as a critical care unit). ട്രോമ കെയർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇവിടെയുണ്ടാകും. ഒരു കാലത്ത് ജനങ്ങളുടെ ആശ്രയമായിരുന്ന ഈ ആശുപത്രി ഉപയോഗശൂന്യമായി നശിക്കുന്നതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ആശുപത്രി ക്രിട്ടിക്കൽ കെയർ യൂണിറ്റാക്കി മാറ്റാൻ തീരുമാനമായത്.
അതിതീവ്ര പരിചരണ ആശുപത്രിയുടെ പണി ഒരു വർഷത്തിനകം പൂർത്തിയാക്കും. 50 പേരെ കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള രീതിയിലാണ് മാറ്റുക. ക്രിട്ടിക്കല്‍ കെയര്‍ ആശുപത്രിക്കായി പിഎം അഭിയാന്‍ പദ്ധതിയില്‍ നിന്ന് 23.75 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ അനുവദിച്ച പത്ത് കോടി രൂപയും ഇതിനായി ഉപയോഗപ്പെടുത്തും.
ഇത് സംബന്ധിച്ച് സി എച്ച് കുഞ്ഞമ്പു എംഎൽഎയുടെ അധ്യക്ഷതയിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്നു. കാസർകോട് ജില്ല ആശുപത്രിയുടെ അനുബന്ധമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്‍റെ ചുമതല ജില്ല പഞ്ചായത്തിനായിരിക്കും. ആശുപത്രി കെട്ടിട നിർമാണം തുടങ്ങുന്നതിന്‍റെ പ്രാഥമിക കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്‌തു.
മൂന്ന് മാസത്തിനകം പദ്ധതിക്ക് ഭരണാനുമതിയും തുടർന്ന് സാങ്കേതിക അനുമതിയും ലഭ്യമാക്കി ആറ് മാസത്തിനകം ആശുപത്രിയുടെ നിർമാണം തുടങ്ങാനാണ് ആലോചിക്കുന്നത്. ടാറ്റ ആശുപത്രി സ്ഥിതി ചെയ്യുന്ന റവന്യു ഭൂമിയിൽ ആരോഗ്യവകുപ്പിന് ഉപയോഗാനുമതി നൽകി സർക്കാർ ഉത്തരവായതിനെ തുടർന്നാണ് ക്രിട്ടിക്കൽ കെയർ യൂണിറ്റുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യു വകുപ്പിൽ നിലനിർത്തിയാണ് ആരോഗ്യവകുപ്പിന് ഭൂമി കൈമാറിയിട്ടുള്ളത്.
കൊവിഡ് രോഗികൾ ഇല്ലാതായതോടെ പതിയെ ആശുപത്രിയുടെ പ്രവർത്തനം നിലയ്ക്കുകയായിരുന്നു. കണ്ടെയ്‌നറുകൾ പലതും തുരുമ്പെടുത്ത് നശിച്ചിരുന്നു. ടാറ്റ കമ്പനിയുടെ സിഎസ്ആർ ഫണ്ടിൽ ഉൾപ്പെടുത്തി 4.12 ഏക്കർ സ്ഥലത്ത് 81,000 ചതുരശ്ര അടി വിസ്‌തൃതിയിലാണ് കൊവിഡ് ആശുപത്രി സ്ഥാപിച്ചത്.
ടാറ്റ ട്രസ്റ്റ് സിഎസ്ആർ ഫണ്ടിൽ നിന്ന് 60കോടിയിലേറെ തുക മുടക്കിയാണ് നിർമാണം നടത്തുന്നതെന്നാണ് അന്ന് ജില്ല ഭരണകൂടം അറിയിച്ചത്. ജില്ല ഭരണകൂടം 12 കോടി രൂപ ചെലവഴിച്ച് ദേശീയപാതയിൽ നിന്ന് ആശുപത്രിയിലേക്കുള്ള അപ്രോച്ച് റോഡും നിർമിച്ചിരുന്നു. 2020 ഒക്ടോബറിൽ പ്രവർത്തനം ആരംഭിച്ചു. 4987 കോവിഡ് രോഗികൾക്ക് ചികിത്സ നൽകിയിട്ടുണ്ട്.