കാസർകോട്: ഉത്തര കേരളത്തിൽ ഇത് തെയ്യാട്ടക്കാലമാണ്. സന്ധ്യമയങ്ങുന്നതോടെ ചെണ്ടപ്പുറത്തെ കോല്‍ത്താളങ്ങള്‍ നാലുദിക്കിലും തെയ്യത്തിന്‍റെ പുറപ്പാട് അറിയിക്കും. ഒരു നാട് മുഴുവൻ തെയ്യപ്പറമ്പിലേക്ക് ഓടിയെത്തും. വീണ്ടുമൊരു തെയ്യക്കാലം എത്തിയതോടെ തെയ്യക്കോലം അനുകരിച്ച് താരമായി മാറിയിരിക്കുകയാണ് ചീമേനിയിലെ ഒരു ആറുവയസ്സുകാരൻ.
വിഷ്ണുമൂർത്തി തെയ്യത്തിന്‍റെ മുഖഭാവവും ചലനങ്ങളും ചടങ്ങുകളും അതേപടി അവതരിപ്പിച്ചാണ് ചെമ്പ്രകാനത്തെ നിരഞ്ജൻ മനിയേരി സമൂഹ മാധ്യമങ്ങളിൽ താരമായത്. വിഷ്ണുമൂർത്തിയുടെ അവതാരകഥയും ഈ കൊച്ചു മിടുക്കൻ പറയും. കട്ടിയുള്ള കടലാസ് വെട്ടിയെടുത്ത് തലപ്പാവും ഓലകൊണ്ട് ഉടയാടകളും അണിയാഭരണങ്ങളും നിർമിച്ചാണ് ആറു വയസ്സുകാൻ ഒർജിനലിനെ വെല്ലുന്ന പ്രകടനം കാഴ്ചവച്ചത്. ഇതില്‍ തന്നെ നിരഞ്ജന്‍റെ മുഖത്ത് മിന്നി മറയുന്ന ഭാവഭേദങ്ങളും ഞെട്ടിപ്പിക്കുന്നതാണ്.
അമ്മാവൻ പ്രിയദർശന്‍റെ കൈ പിടിച്ചാണ് നിരഞ്ജൻ തെയ്യപ്പറമ്പുകിൽ എത്തുന്നത്. പിന്നീട് ചമയം മുതൽ മുടി അഴിക്കുന്നത് വരെ തെയ്യത്തിന്റെ അരികിൽ ഉണ്ടാകും. ഓരോ ഭാവവും ഒപ്പിയെടുക്കും. വീട്ടിൽ എത്തിയാൽ അമ്മാവന് മുന്നിൽ കാണിക്കും. ഇങ്ങനെയാണ് പ്രിയദർശൻ ഈ വീഡിയോയും എടുക്കുന്നതും അത് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നതും. മികവുറ്റ തെയ്യംകലാകാരനെ പോലെയായിരുന്നു വിഡിയോയിൽ നിരഞ്ജന്‍റെ ഓരോ ചുവടും.
തെയ്യങ്ങൾ അത്രയേറെ ഇഷ്‌ടമാണ് കുഞ്ഞു നിരഞ്ജന്. ഇനി നാട്ടിൽ എവിടെ തെയ്യം ഉണ്ടായാലും കൊണ്ടുപോകുമെന്ന് അമ്മാവൻ പറയുമ്പോൾ നിരഞ്ജനും ഹാപ്പിയാണ്. ചീമേനി വിവേകാനന്ദ വിദ്യ മന്ദിരത്തിലെ ഒന്നാം ക്ലാസ്സ് വിദ്യാർഥിയാണ് നിരഞ്ജൻ. കാസർകോട് എസ്എൽഐ ഓഫീസിലെ എം.ബാലചന്ദ്രന്‍റെയും ജിഎച്ച്എസ്എസ് പരപ്പയിലെ ഹയർ സെക്കൻഡറി അധ്യാപിക ശ്രീരഞ്ജിനിയുടെയും മകനാണ്.