കാസർകോട്: ബദിയഡുക്ക പള്ളത്തടുക്കയിൽ വാഹനാപകടത്തിൽ അഞ്ച് മരണം. തിങ്കളാഴ്‌ച വൈകിട്ട് 5.30 ഓടെ സ്‌കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മൊഗ്രാൽ സ്വദേശികളായ ഓട്ടോ ഡ്രൈവർ അബ്‌ദുൽ റൗഫ്, യാത്രക്കാരായ ബീഫാത്തിമ, നബീസ, ഉമ്മു ഹലീമ, ബിഫാത്തിമ മൊഗർ എന്നിവരാണ് മരിച്ചത്.
മരിച്ച നാല് സ്ത്രീകളും അടുത്ത ബന്ധുക്കളാണ്. ഇവരില്‍ മൂന്നുപേർ സഹോദരങ്ങളാണ്. ഇവർ പള്ളത്തടുക്കയിലെ ബന്ധുവീട്ടിലേക്ക് ഓട്ടോയിൽ പോവുകയായിരുന്നെന്നാണ് സൂചന. ഇതിനിടെ കുട്ടികളെ വിട്ട് മടങ്ങി വരുകയായിരുന്ന ഗ്ലോബൽ പബ്ലിക് സ്‌കൂളിന്‍റെ ബസ് ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂർണമായും തകർന്നു. അപകട സമയത്ത് സ്‌കൂൾ ബസ്സിൽ കുട്ടികൾ ആരുമുണ്ടായിരുന്നില്ല.
സ്‌കൂൾ ബസ് ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗതയുമാണ് അപകടത്തിന് കാരണമെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ സാജു ഫ്രാൻസിസ് പറഞ്ഞു .റോഡിന്‍റെ അപാകതയും അപകടത്തിന് കാരണമായി. വലിയ വളവായിട്ടും റോഡിൽ അപകട സൂചന ബോർഡുകള്‍ സ്ഥാപിച്ചിരുന്നില്ലെന്നും എംവിഡി ചൂണ്ടിക്കാട്ടി. മോട്ടോർ വാഹന വകുപ്പും പൊലീസും സംഭവ സ്ഥലത്ത് പരിശോധന നടത്തി.
മുഖ്യമന്ത്രി അനുശോചിച്ചു : സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.