കാസർകോട്: 25 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി തിരികെ നാട്ടിലെത്തിയപ്പോള്‍ കുഞ്ഞികൃഷ്‌ണന്‍റെ മനസ് നിറയെ ബുര്‍ജ് ഖലീഫയായിരുന്നു. ദുബൈയിലേക്ക് ഇനിയൊരു മടക്കമുണ്ടാകില്ലെന്നും കുഞ്ഞികൃഷ്‌ണന് അറിയാമായിരുന്നു. ഒടുവില്‍ പള്ളിക്കര പാക്കം ചരല്‍കടവിലെ വീട്ടുമുറ്റത്ത് ബുര്‍ജ് ഖലീഫയുടെ മാതൃക നിര്‍മിച്ചുകൊണ്ട് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്നും കാണുകയെന്ന തന്‍റെ സ്വപ്‌നം കുഞ്ഞികൃഷ്‌ണന്‍ സാക്ഷാല്‍ക്കരിച്ചു.
കല്ലും സിമന്‍റും കമ്പിയും പെയിന്‍റും ഉപയോഗിച്ചാണ് നാലരയടി ഉയരത്തിലുള്ള ബുര്‍ജ് ഖലീഫ വീട്ടുമുറ്റത്ത് നിര്‍മിച്ചത്. ചരിത്ര സ്‌മാരകമായ ബേക്കല്‍കോട്ടയും ബുര്‍ജ് ഖലീഫക്ക് സമീപമുണ്ട്.
കല്‍പ്പണിക്കാരനായിരുന്ന കുഞ്ഞികൃഷ്‌ണന്‍ പ്രവാസ ജീവിതം അവസാനിപ്പിച്ച് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നാട്ടിലെത്തിയത്. ഇപ്പോൾ മരമില്ലിലാണ് ജോലി. ഒഴിവു സമയങ്ങളിൽ ബേക്കൽ കോട്ടയുടെ നിർമാണം തുടങ്ങി. പ്രത്യേകം രൂപപ്പെടുത്തിയ ഇഷ്‌ടിക ഉപയോഗിച്ചായിരുന്നു നിര്‍മാണം. ഒരാഴ്‌ച കൊണ്ട് മൂന്നടി ഉയരത്തിലുള്ള ചരിത്ര സ്‌മാരകത്തിന്‍റെ മാതൃക ഉണ്ടാക്കി.
ബേക്കല്‍ കോട്ട നിർമാണം വിജയിച്ചതോടെയാണ് ബുർജ് ഖലീഫ നിർമിക്കാൻ ആരംഭിച്ചത്. പ്ലസ് ടു വിദ്യാര്‍ഥിയായ മകന്‍ ശ്രീഹരിയും അച്ഛനെ സഹായിക്കാനെത്തി. പത്തടിയുള്ള ബുർജായിരുന്നു മനസിൽ ഉണ്ടായിരുന്നതെങ്കിലും സമീപത്ത് തെങ്ങുള്ളതിനാൽ നാലര അടിയായി കുറച്ചു. ഒരാഴ്‌ച കൊണ്ട് ബുർജ് ഖലിഫയും കുഞ്ഞികൃഷ്‌ണന്‍റെ വീട്ടുമുറ്റത്ത് തലയുയർത്തി നിന്നു. ബുർജ് ഖലീഫയും ബേക്കൽ കോട്ടയും കാണാൻ നിരവധി പേരാണ് കുഞ്ഞികൃഷ്‌ണന്‍റെ വീട്ടിൽ എത്തുന്നത്.