കാസര്‍കോട്: ഗ്രൈൻഡറിൽ ഷാൾ കുരുങ്ങി യുവതി ശ്വാസംമുട്ടി മരിച്ചു. മഞ്ചേശ്വരം തുമിനാട് സ്വദേശി ജയ്ഷീൽ ചുമ്മി (20) ആണ് മരിച്ചത്. തുമിനാട്ടിലെ ബേക്കറിയിൽ ജീവനക്കാരിയായി ജോലി ചെയ്യുന്നതിനിടെ ഗ്രൈൻഡറില്‍ ഷാൾ കുരുങ്ങുകയായിരുന്നു.
ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. ബേക്കറിയിൽ പലഹാര നിര്‍മാണത്തിനുള്ള കൂട്ട് തയ്യാറാക്കുന്നതിനിടെ ജയ്ഷീല്‍ ധരിച്ചിരുന്ന ചുരിദാറിന്‍റെ ഷാള്‍ യന്ത്രത്തില്‍ കുരുങ്ങുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് യുവതി മരണപ്പെട്ടത്. സംഭവത്തിന് പിന്നാലെ മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. തുമിനാട്ടില്‍ പരേതനായ മാലിങ്കയുടെയും സുനന്ദയുടെയും മകളാണ് മരിച്ച ജയ്ഷീൽ ചുമ്മി.
ഒന്നര വര്‍ഷം മുമ്പ് വിവാഹിതയായ ചുമ്മിയുടെ പിറന്നാള്‍ ദിനം കൂടിയായിരുന്നു ഇന്ന്. നിലവില്‍ കുഞ്ചത്തൂര്‍ ഗവ.ഹൈസ്‌കൂളിന് സമീപമാണ് ജയ്‌ഷീല്‍ ചുമ്മി താമസിച്ചുവന്നിരുന്നത്. അതേസമയം ഗ്രൈൻഡറിൽ ഷാള്‍ കുരുങ്ങി മുമ്പും കാസർകോട് യുവതി മരിച്ചിരുന്നു. ഉപ്പളയിലെ വീട്ടിൽ വച്ച് രാത്രി ഭക്ഷണത്തിനായി മാവ് അരയ്ക്കുന്നതിനിടെയാണ് അന്ന് 22 കാരിയായ യുവതി മരിച്ചത്.