കാസർകോട്: ഇനിയും അവസാനിക്കാത്ത മഹാശിലാ സംസ്കാരത്തിന്‍റെ ഒരായിരം സ്‌മാരകങ്ങളുടെ അക്ഷയഖനിയായി മാറുകയാണ് കാസർകോട് ജില്ല. കാഞ്ഞങ്ങാടിന് അടുത്ത് കിനാനൂർ - കരിന്തളം പഞ്ചായത്തില്‍ ഭീമനടിയിലാണ് ഏറ്റവും ഒടുവില്‍ വിവിധ വര്‍ണ്ണത്തിലുള്ള മണ്‍പാത്രാവശിഷ്ടങ്ങളും ചെങ്കല്ലറകളും കണ്ടെത്തിയത്. ഇതോടെ ജില്ലയില്‍ നിന്ന് കണ്ടെത്തിയ മഹാശിലാസ്മാരകങ്ങളുടെ എണ്ണം നൂറു കടന്നു.
മുനിയറകള്‍ക്കും ചെങ്കല്ലറകള്‍ക്കുമൊപ്പം വിവിധ വലിപ്പത്തിലും നിറത്തിലും ആകൃതിയിലുമുള്ള മണ്‍പാത്രങ്ങളുടെ അവശിഷ്ടങ്ങളുമാണ് കണ്ടെത്തിയത്. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ചരിത്ര ഗവേഷകരാണ് മഹാശിലാ കാലഘട്ടത്തിലെ പത്ത് ചെങ്കല്ലറകള്‍ കണ്ടെത്തിയത്.
പ്രാദേശികമായി മുനിയറ, നിധിക്കുഴി എന്ന പേരില്‍ അറിയപ്പെടുകയും നിധിവേട്ടക്കാരാല്‍ നശിപ്പിക്കപ്പെടുകയും ചെയ്ത ഏഴ് ചെങ്കല്ലറകളും തുറക്കാത്ത നിലയിലുള്ള മൂന്ന് ചെങ്കല്ലറകളുമാണ് കണ്ടെത്തിയത്.
കറുപ്പ് , മഞ്ഞ, നീല വര്‍ണ്ണങ്ങളിലുള്ള മണ്‍പാത്രങ്ങളുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. നീല പാളിയോടു കൂടിയ മണ്‍പാത്രങ്ങള്‍ മഹാശിലാ കാലഘട്ടത്തില്‍ ഉപയോഗത്തിലുള്ളതായിരുന്നുവെന്ന് ചരിത്ര ഗവേഷകർ പറയുന്നു. നേരത്തെ ചീമേനി, പള്ളിപ്പാറ, പോത്താംങ്കണ്ടം, തിമിരി നാലിലാംകണ്ടം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ചെങ്കല്ലറകള്‍ കണ്ടെത്തിയിരിന്നു. കൂടുതല്‍ സ്ഥലങ്ങളില്‍ നിന്ന് മഹാശിലാ സംസ്കാരത്തിന്‍റെ ശേഷിപ്പുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ചരിത്ര ഗവേഷകർ.