കാസർകോട്: കാഞ്ഞങ്ങാട് ചിത്താരിയിൽ 20 ലക്ഷം രൂപയുടെ ഹവാല പണം പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് ഇന്ന് (ഓഗസ്റ്റ് 18) രാവിലെ കാഞ്ഞങ്ങാട് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഹവാല പണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് അടുക്കത്തുബയൽ സ്വദേശികളായ മുഹമ്മദ്, മഹമ്മൂദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു.
മുംബൈയിൽ നിന്ന് മറ്റൊരു സംഘം മംഗളൂരുവിൽ എത്തിച്ച പണം കാറിൽ കേരളത്തിലേക്ക് കടത്താനായിരുന്നു പ്രതികളുടെ ശ്രമം. ഇതിനിടെയാണ് കാഞ്ഞങ്ങാട് ചിത്താരിയിൽ വച്ച് പ്രതികൾ പിടിയിലായത്. ഇവർ സ്ഥിരമായി പണം കടത്തുന്ന ഹവാല സംഘത്തിൽപ്പെട്ടവരാണെന്നാണ് പൊലീസിന്‍റെ നിഗമനം. പ്രതികളുടെ മറ്റ് സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും പൊലീസ് പരിശോധന നടത്തുന്നുണ്ട്. ഇവർ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു.