കാസർകോട് : കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്ക് ഗുരുതര വീഴ്‌ച സംഭവിച്ചതായി രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ട്. ഭക്ഷ്യ വിഷബാധയുമായി രണ്ടുതവണ ചികിത്സ തേടിയിട്ടും സ്വകാര്യ ആശുപത്രി അധികൃതർ ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചില്ലെന്നാണ് റിപ്പോർട്ട്. ജനുവരി ഒന്നിനും ജനുവരി അഞ്ചിനുമാണ് ഭക്ഷ്യവിഷബാധയേറ്റ തലക്ലായിലെ അഞ്‌ജുശ്രീ പാർവ്വതി ചികിത്സ തേടിയത്.
ശനിയാഴ്‌ച രാവിലെയായിരുന്നു മരണം. സംഭവത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പും പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. എന്നാൽ രാസപരിശോധന ഫലം പുറത്തുവന്നതിന് ശേഷം മാത്രമേ ഭക്ഷ്യ വിഷബാധയുമായി ബന്ധപ്പെട്ട് വ്യക്തത വരുത്താനാകുകയുള്ളു എന്നാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ വിശദീകരണം.
അതേസമയം ഭക്ഷ്യവിഷബാധയെത്തുടർന്ന് വിദ്യാർഥിനി മരിക്കാനിടയായ സംഭവത്തിൽ അൽ റൊമാൻസിയ ഹോട്ടലിൽ നിന്നും ശേഖരിച്ച 18 ഭക്ഷ്യ വസ്‌തുക്കളുടെ സാമ്പിൾ
കോഴിക്കോട് റീജിയണൽ അനലറ്റിക്കൽ ലാബിൽ പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്. ഇതിന്‍റെ ഫലം കൂടി ഇന്ന് പുറത്ത് വരും. ഡിസംബർ 31 ന് കുഴിമന്തി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളുണ്ടായ കാസർകോട് തലക്ലായിൽ അഞ്‌ജുശ്രീ പാർവ്വതി(19) ശനിയാഴ്‌ച രാവിലെയാണ് മരിച്ചത്.
മംഗളുരുവിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർഥിനിയായിരുന്നു. ക്രിസ്‌മസ്- പുതുവത്സര അവധിക്ക് നാട്ടിലെത്തിയ അഞ്‌ജുശ്രീ പുതുവത്സരത്തലേന്നാണ് ഓൺലൈനായി കുഴിമന്തി വാങ്ങിയത്. വീട്ടിൽ വച്ച് കുടുംബത്തിനൊപ്പം ഭക്ഷണം കഴിച്ചവർക്കെല്ലാം ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു.