കാസർകോട്: വിശന്നപ്പോൾ അടുക്കളയിൽ കയറിയ പൂച്ചയ്ക്ക് കിട്ടിയത് എട്ടിന്‍റെ പണി. വിഷ്‌ണുമംഗലത്തെ സീതാലക്ഷ്‌മിയുടെ അടുക്കളയിൽ കയറിയ പൂച്ച ഭക്ഷണം അകത്താക്കി സ്ഥലം വിടാനൊരുങ്ങിയപ്പോൾ പാത്രം താഴെ വീണു. ശബ്‌ദംകേട്ട് വീട്ടുകാർ ഓടിയെത്തിയതോടെ ജനൽ വഴി ചാടാൻ ശ്രമിച്ചതാണ് ഈ പൂച്ചയെ കുടുക്കിയത്.
ഓടിയെത്തിയ വീട്ടുകാർ കണ്ടത് ജനൽക്കമ്പിക്കിടയിൽ തല കുടുങ്ങിക്കിടക്കുന്ന പൂച്ചയെ. ഏറെ നേരം ശ്രമിച്ചെങ്കിലും പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. നിസഹായവസ്ഥ കണ്ട് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പൂച്ച കരയാന്‍ തുടങ്ങിയതോടെ ഒടുവിൽ വീട്ടുകാർ കാഞ്ഞങ്ങാട്ടെ അഗ്നിശമന സേനയുടെ സഹായം തേടി.
ചൊവ്വാഴ്‌ച (നവംബര്‍ ഒന്ന്) രാവിലെയുണ്ടായ സംഭവത്തില്‍ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഹൈഡ്രോളിക് സ്പെഡ്രർ മെഷീൻ ഉപയോഗിച്ചാണ് പൂച്ചയെ രക്ഷപ്പെടുത്തിയത്. കടിയേൽക്കാതിരിക്കാൻ പൂച്ചയുടെ തല ഹെൽമെറ്റ് ഉപയോഗിച്ച് മൂടിയാണ് കമ്പി മാറ്റിയത്. ഇതോടെ, തലകുടഞ്ഞ് ജീവനുംകൊണ്ട് പൂച്ച സ്ഥലംവിടുകയായിരുന്നു.
രക്ഷാപ്രവർത്തനത്തിന് ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ഇ ഷിജു, ടിവി സുധീഷ് കുമാർ, പി വരുൺരാജ്, ഡ്രൈവർ ഇകെ അജിത്ത്, ഹോംഗാർഡ് പി നാരായണൻ എന്നിവർ നേതൃത്വം നൽകി.