കാസർകോട്: കനത്ത മഴയില്‍ കുന്നിടിഞ്ഞ് വീണ് അപകടാവസ്ഥയിലായ വീട്ടില്‍ ഭീതിയോടെ കഴിയുകയാണ് കാസർകോട് പൊള്ളക്കടയിലെ നാരായണനും കുടുംബവും. രണ്ട് മാസം മുമ്പ് പെയ്ത കനത്ത മഴയിലാണ് നാരായണനും കുടുംബവും താമസിക്കുന്ന വീടിനരികിലെ കുന്ന് ഇടിഞ്ഞ് താഴ്ന്നത്. ഇതോടെ വീടിന്‍റെ പുറക് വശത്തെ അടുക്കളയും കിണറും മണ്ണിനടിയിലായി.
കെ.കുഞ്ഞിരാമന്‍ എം.എല്‍.എ, പഞ്ചായത്ത് അധികൃതര്‍, തഹസില്‍ദാര്‍ ഉള്‍പ്പടെയുള്ളവര്‍ മണ്ണിടിച്ചില്‍ നടന്ന സ്ഥലവും വീടും സന്ദര്‍ശിച്ചിരുന്നു. ഇടിഞ്ഞ് താഴ്ന്ന മണ്ണ് നീക്കമെന്ന് റവന്യു അധിക്യതര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും രണ്ട് മാസം കഴിഞ്ഞിട്ടും നടപടിയില്ല. വീട്ടിലെ പാത്രങ്ങളും അടുക്കള ഉപകരണങ്ങളുമെല്ലാം ഇപ്പോഴും മണ്ണിനടിയിലാണ്.
അപകടാവസ്ഥയിലാണെന്ന് അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയ വീട്ടിലാണ് നാരായണനും ഭാര്യ ബിന്ദുവും രണ്ട് മക്കളും അടങ്ങുന്ന കുടുംബം ഇപ്പോഴും താമസിക്കുന്നത്. കുടിവെള്ള സൗകര്യവും വീടിന്റെ അപകടാവസ്ഥയും ഒഴിവാക്കി തരണമെന്നാവശ്യപെട്ട് റവന്യൂ മന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കി കാത്തിരിക്കുകയാണ് ഈ കുടുംബം.