കാസര്‍കോട്: കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്‌ദുൾ റഹ്മാനെ കുത്താന്‍ ഉപയോഗിച്ച കത്തി ക്രൈം ബ്രാഞ്ച് കണ്ടെത്തി. സംഭവ സ്ഥലത്ത് നിന്നും 10 മീറ്റർ അകലെ തെങ്ങിൻ തോപ്പിൽ നിന്നാണ് കത്തി കണ്ടെത്തിയത്. മുഖ്യപ്രതി യൂത്ത് ലീഗ് മുന്‍സിപ്പൽ സെക്രട്ടറി ഇർഷാദാണ് കത്തി വലിച്ചെറിഞ്ഞ കാര്യം തെളിവെടുപ്പിനിടെ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്.
അബ്ദുൾ റഹ്മാനെ കുത്തി വീഴ്ത്തിയ ശേഷം ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കവേ കത്തി വലിച്ചെറിയുകയായിരുന്നെന്നും ഇര്‍ഷാദ് ക്രൈം ബ്രൈാഞ്ചിന് മൊഴി നല്‍കി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇർഷാദിനെ സംഭവസ്ഥലത്തെത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. കാട് മൂടിയ പ്രദേശത്തെ ഒരു മണിക്കൂർ നീണ്ട തെരച്ചിലിനൊടുവില്‍ പ്രതിയെ കൊണ്ടുതന്നെ കത്തി എടുപ്പിച്ചു. കേസിൽ മുഴുവൻ പ്രതികളെയും പിടികൂടി ഒരാഴ്ചയ്ക്ക് ശേഷമാണ് അബ്ദുൽ റഹ്മാനെ കുത്താൻ ഉപയോഗിച്ച കത്തി ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തുന്നത്. റിമാൻഡിൽ കഴിയുന്ന മറ്റു പ്രതികളായ എംഎസ്എഫ് മുന്‍സിപ്പൽ പ്രസിഡന്‍റ് ഹസൻ, യൂത്ത് ലീഗ് പ്രവർത്തകൻ ആഷിർ എന്നിവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.