കാസർകോട് : ബദിയടുക്കയിലെ ദന്ത ഡോക്‌ടർ കൃഷ്‌ണമൂർത്തിയുടെ മരണത്തിൽ ഇയാള്‍ക്കെതിരെ പീഡന പരാതി നല്‍കിയ യുവതിയുടെ സഹോദരൻ ഉൾപ്പടെ അഞ്ച് പേർ അറസ്റ്റിൽ. ബദിയടുക്ക സ്വദേശികളായ അഷ്റഫ്, ഫാറൂഖ്, ഷിഹാബ്, അലി, ഹനീഫ എന്നിവരാണ് പിടിയിലായത്. ഡോക്‌ടറെ ക്ലിനിക്കിലെത്തി ഭീഷണിപ്പെടുത്തിയവരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്‌തത്.
ചികിത്സ തേടിയെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ചായിരുന്നു അഞ്ചംഗ സംഘം ഡോക്‌ടറെ ഭീഷണിപ്പെടുത്തിയത്. ഭീഷണിയും സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചരണങ്ങളിലും മനം നൊന്താണ് ഡോക്‌ടർ ആത്മഹത്യ ചെയ്‌തതെന്നാണ് പൊലീസിന്‍റെ നിഗമനം. സംഭവത്തിന് പിന്നാലെ അഞ്ചംഗ സംഘം പണം ആവശ്യപ്പെട്ട് ഡോക്‌ടറെ ഭീഷണിപ്പെടുത്തിയെന്ന് ക്ലിനിക്കിലെ ജീവനക്കാരൻ പൊലീസിന് മൊഴി നൽകിയിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. യുവതിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തിൽ രണ്ട് ദിവസം കഴിഞ്ഞ് പരാതി നൽകിയതിൽ ദുരൂഹതയുണ്ടെന്ന് ഡോക്‌ടറുടെ കുടുംബവും ചൂണ്ടിക്കാട്ടുന്നു. സംഭവത്തിന് ശേഷം കാണാതായ കൃഷ്‌ണമൂർത്തിയെ വ്യാഴാഴ്‌ച വൈകിട്ട് കർണാടക കുന്താപുരത്തെ റെയിൽവേ ട്രാക്കിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
യുവതി പൊലീസിൽ പരാതി നൽകിയ ഈ മാസം 8ന് ഉച്ചയ്ക്ക് ക്ലിനിക്കിൽ നിന്നുപോയ ഡോക്‌ടറുടെ ബൈക്ക് കുമ്പളയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മൊബൈൽ കൊണ്ടുപോയിരുന്നില്ല. ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. അതേസമയം കൃഷ്‌ണമൂർത്തിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.