കാസർകോട്: കൊളോണിയൽ സംസ്‌കാരത്തെ പുറത്തു നിർത്തിയുള്ള കേന്ദ്ര സർവകലാശാലയിലെ ബിരുദദാന ചടങ്ങ് വേറിട്ടതായി. കേന്ദ്ര സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് ബിരുദം സ്വീകരിച്ച വിദ്യാർഥികള്‍, അധ്യാപകര്‍, അതിഥികള്‍ എന്നിവര്‍ ഉൾപ്പെടെയുള്ളവരുടെ വസ്‌ത്രമായിരുന്നു. ഭൂരിഭാഗം പേരും ശുഭ്രവസ്‌ത്രത്തിലായിരുന്നു ചടങ്ങിന് എത്തിയത്.
ബിരുദദാന പരിപാടികളിൽ സ്ഥിരം കാണുന്ന വേഷവിധാനങ്ങളായ ഗൗണും തൊപ്പിയും ഉപേക്ഷിക്കപ്പെടുന്ന കാഴ്‌ചയാണ് കണ്ടത്. വെള്ള വസ്‌ത്രത്തിൽ ബിരുദം ഏറ്റുവാങ്ങാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം ഉണ്ടെന്ന് വിദ്യാർഥികളും പ്രതികരിച്ചു. മുണ്ട്, പാന്‍റ്, പൈജാമ, കുർത്ത, ചുരിദാർ, സാരി എന്നിവ ധരിക്കാമെന്നായിരുന്നു അറിയിച്ചിരുന്നത്. ബിരുദ ദാനത്തിൽ പങ്കെടുക്കുന്നവർ സർവകലാശാല നൽകുന്ന ഏഴ് നിറങ്ങളിലുള്ള ഷാള്‍ ധരിക്കണമെന്നും അറിയിച്ചിരുന്നു. ഇപ്രകാരം ആയിരുന്നു വിദ്യാർഥികളും എത്തിയത്.
കേന്ദ്ര സര്‍വകലാശാല ക്യാമ്പസില്‍ പ്രത്യേകം തയാറാക്കിയ വേദിയിലാണ് പരിപാടി നടന്നത്. കേന്ദ്ര മന്ത്രിമാരായ ഡോ. സുഭാസ് സര്‍ക്കാര്‍, വി മുരളീധരൻ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച് വെങ്കടേശ്വരലു അധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ ഡോ. എം മുരളീധരന്‍ നമ്പ്യാര്‍, പരീക്ഷ കണ്ട്രോളര്‍ ഇന്‍ ചാര്‍ജ് പ്രൊഫ. എംഎന്‍ മുസ്‌തഫ, സര്‍വകലാശാലയുടെ കോര്‍ട്ട് അംഗങ്ങള്‍, എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍, അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍, ഫിനാന്‍സ് കമ്മിറ്റി അംഗങ്ങള്‍, ജനപ്രതിനിധികള്‍, വിവിധ സ്‌കൂളുകളുടെ ഡീനുമാര്‍, വകുപ്പു മേധാവികള്‍, അധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി.
2021ലും 2022ലും പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ ബിരുദദാന സമ്മേളനമാണ് നടന്നത്. 1947 വിദ്യാര്‍ഥികളാണ് ബിരുദം ഏറ്റുവാങ്ങിയത്. ഏഴ് വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും ഉൾപ്പെടെ 2121വിദ്യാർഥികളാണ് കേന്ദ്ര സർവകലാശാല കേരളയിൽ പഠനം നടത്തുന്നത്. പെരിയ ക്യാമ്പസിനു പുറമെ പത്തനംതിട്ടയിലെ തിരുവല്ലയിൽ നിയമ പഠന വകുപ്പും തിരുവനന്തപുരം സെന്‍ററിൽ ഇന്‍റർനാഷനൽ റിലേഷൻസിൽ ബിരുദ കോഴ്‌സും സർവകലാശാലയ്ക്കുണ്ട്.
170 സ്ഥിരം അധ്യാപകരുൾപ്പെടെ 185 അധ്യാപകരും 109 അനധ്യാപക ജീവനക്കാരും 130 താത്‌കാലിക ജീവനക്കാരും ജോലി ചെയ്യുന്നു. 27 ബിരുദാനന്തര കോഴ്‌സുകളും 22 ഗവേഷണ പ്രോഗ്രാമുകളുമാണിപ്പോൾ ഇവിടെയുള്ളത്. എറിത്രിയ, മലാവി, ബോട്സ്വാന, ഘാന, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് ക്യാമ്പസിലുള്ളത്.
വിവാദത്തിന് വഴിവച്ച ബിരുദദാന ചടങ്ങ്: അതേസമയം കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങില്‍ ജനപ്രതിനിധികള്‍ക്ക് ക്ഷണം ഇല്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ രംഗത്ത് വന്നിരുന്നു. രണ്ട് കേന്ദ്ര സഹമന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് എംപി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെ ഒഴിവാക്കിയത് വിവാദത്തിന് വഴിവച്ചു. സര്‍വകലാശാലയെ കാവിവത്‌കരിക്കാനുള്ള നീക്കമാണ് നടക്കുന്നത് എന്നാരോപിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി രംഗത്ത് വരികയുണ്ടായി.
സര്‍വകലാശാലയിലെ ഔദ്യോഗിക പരിപാടികളില്‍ നിന്ന് ജില്ലയിലെ ജനപ്രതിനികളെ തുടര്‍ച്ചയായി ഒഴിവാക്കുന്നത് പ്രത്യേക ലക്ഷ്യം വച്ചാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. സര്‍വകലാശാല ആര്‍എസ്എസ് കാര്യാലയമായി മാറി എന്നും രാജ്യത്തിന്‍റെ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതില്‍ സര്‍വകലാശാല അധികൃതര്‍ ആനന്ദം കണ്ടെത്തുകയാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിമര്‍ശിച്ചിരുന്നു.
എന്നാല്‍ എല്ലാവരെയും ക്ഷണിച്ചിരുന്നു എന്നും അക്കാദമിക പരിപാടി ആയതിനാലാണ് നോട്ടിസില്‍ പേര് ചേര്‍ക്കാതിരുന്നത് എന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. സര്‍വകലാശാലയില്‍ നടക്കുന്ന പരിപാടികളില്‍ നിന്ന് ജില്ലയിലെ ജനപ്രതിനിധികളെ നിരന്തരം ഒഴിവാക്കുന്ന പ്രവണതയാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് എന്ന് ആക്ഷേപം ഉയരുന്നുണ്ട്.