കാസർകോട് : ശരീരിക ബുദ്ധിമുട്ടുകൾക്കിടയിലും രജീഷ് പാടി അവസാനിപ്പിച്ചപ്പോൾ ഉയർന്നത് നിറഞ്ഞ കയ്യടി. പിന്നെ ഒപ്പം ഉണ്ടായിരുന്നവർക്കെല്ലാം പാട്ടു പാടണമെന്നായി. അവർ ഓരോരുത്തരും പാട്ടുകൾ പാടാൻ തുടങ്ങി. സൗജന്യ ചികിത്സയ്ക്കും പരിചരണത്തിനുമൊപ്പം കളിയും ചിരിയും പാട്ടുമാണ് ഈ വീട്ടിലെ സന്തോഷം.
എന്‍ഡോസൾഫാൻ വിഷം പെയിതിറങ്ങിയ (Kasaragod Endosulfan victims) മണ്ണിൽ ദുരിതം നേരിടുന്ന ഭിന്നശേഷി കുട്ടികളെ ചേർത്തുനിർത്തുകയാണ് അമ്പലത്തറയിലെ സ്നേഹവീട് (Kasaragod Ambalathara Snehaveedu for Endosulfan victims). ആദ്യം വാടക കെട്ടിടത്തിൽ ആയിരുന്നു സ്‌നേഹവീടിന്‍റെ പ്രവര്‍ത്തനം. തുടക്കത്തിൽ മൂന്ന് കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ഒമ്പത് വർഷമായി മക്കളെ ഓർത്ത് കരയുന്ന നിരവധി അമ്മമാരുടെ കണ്ണീരൊപ്പാൻ സ്നേഹവീടിനു കഴിഞ്ഞു.
ഇപ്പോൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറോളം കുട്ടികളാണ് സ്നേഹവീട്ടിൽ എത്തുന്നത്. ചിരിച്ചും കളിച്ചും ഒരു കുടുംബത്തെ പോലെ കഴിയുകയാണ് ഇവർ. സൗജന്യ ചികിത്സയ്ക്കൊപ്പം ജീവിത വിരസത അകറ്റിയുള്ള പരിചരണമാണ് സ്നേഹവീട്ടിലെ പ്രത്യേകത. വർഷങ്ങൾക്ക് മുൻപ് തന്‍റെ ജീവിതശേഷം കുട്ടിയെ ആര് സംരക്ഷിക്കുമെന്ന അമ്മമാരുടെ ചോദ്യത്തിന് മുന്നിലാണ് 2014 ഡിസംബർ എട്ടിന് സനേഹവീട് പ്രവർത്തനം ആരംഭിച്ചത്.
ആറ് തെറാപിസ്റ്റുകൾ ഉൾപ്പടെ 18 ജീവനക്കാരുടെ സേവനം ലഭ്യമാണ്. സമൂഹത്തിന്‍റെ വിവിധ മേഖലയിലുള്ളവർ നൽകുന്ന സഹായം ഈ സ്ഥാപനത്തിന്‍റെ മുന്നോട്ടുപോക്കിന് കരുത്ത് പകരുന്നു. ഫിസിയോതെറാപ്പി, സ്‌പീച്ച് തെറാപ്പി, സ്പെഷ്യൽ എജ്യുക്കേഷന്‍, വൊക്കേഷണൽ ട്രെയിനിങ്, ഒക്കുപ്പേഷൻ തെറാപ്പി, ബിഹേവിയർ തെറാപ്പി എന്നിവയൊക്കെയൊക്കെ ഇവിടെ സൗജന്യമായി നൽകുന്നുണ്ട്. ഭിന്നശേഷി കുട്ടികൾക്കു മാത്രമല്ല, പരസ്‌പരം സങ്കടങ്ങൾ പങ്കു വയ്‌ക്കാനുള്ള ഇടം കൂടിയാണ് അമ്മമാർക്ക് ഈ സ്നേഹ വീട്.
2014 ഡിസംബറിലാണ് വാടക ക്വാട്ടേഴ്‌സില്‍ സ്നേഹവീട് ആരംഭിച്ചത്. കുട്ടികൾക്ക് മാനസിക ഉല്ലാസം ലഭിക്കുന്ന, അവരുടെ രക്ഷിതാക്കൾ ഏല്‍പ്പിച്ചു പോകാനുള്ള, ഇടം എന്ന രീതിയിലാണ് ആശയം ഉണ്ടായത്. സ്നേഹം ട്രസ്റ്റ് ആയിരുന്നു ആദ്യം രൂപീകരിച്ചത്. പിന്നാലെ സ്നേഹ വീടായി (Kasaragod Endosulfan care homes).
അങ്ങനെ നാല് ചുമരുകൾക്ക് ഉള്ളിൽ ഒതുങ്ങിപ്പോയ കുട്ടികളും ജീവിതം അവസാനിപ്പിച്ചാലോ എന്ന് ചിന്തിച്ച രക്ഷിതാക്കളും ഇവിടെ എത്തി. ലോകത്തിന്‍റെ നാനാതുറകളിൽ നിന്നും സഹായങ്ങൾ എത്തിയതോടെ മികച്ച സൗകര്യങ്ങൾ ഒരുക്കാൻ സ്നേഹ വീടിനു കഴിഞ്ഞു. 2018 ൽ സാമൂഹ്യ പ്രവർത്തക ദയാഭായി ഇവിടെ സന്ദർശിച്ചിരുന്നു.