കാസര്‍കോട്: വിവാഹം കഴിക്കാനെത്തിയ വധൂവരന്മാര്‍ക്ക് പാസ് ലഭിക്കാത്തതിനാല്‍ അക്കരയും ഇക്കരയും കുടുങ്ങിയത് മണിക്കൂറുകളോളം. കര്‍ണാടക സ്വദേശിയാണ് വധു. വരന്‍ മുള്ളേരി സ്വദേശി പുഷ്പരാജന്‍. വരന്‍റെ വീടായിരുന്നു വിവാഹ വേദി. ഉച്ചക്ക് 12മണിക്കുള്ള മുഹൂര്‍ത്തതിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി തലപ്പാടി അതിര്‍ത്തി അടച്ചതോടെയാണ് വധു വിവാഹ വേദിയിലെത്താനാവാതെ കുടുങ്ങിയത്. പാസില്ലാതെ ആര്‍ക്കും അതിര്‍ത്തി കടക്കാനാവില്ലെന്ന് അധികൃതര്‍ അറിയിച്ചതോടെ വധുവും സംഘവും ധര്‍മസങ്കടത്തിലായി.
സാങ്കേതിക തടസമായിരുന്നു പാസ് വൈകാന്‍ കാരണം. വധുവിന്‍റെ അവസ്ഥയറിഞ്ഞ വരനും കൂട്ടരും കാല്‍നടയായി അതിര്‍ത്തിയിലെത്തി വധുവിനെയും നോക്കി ഇക്കരയില്‍ ഇരുന്നു. ഏറെ നേരത്തിന് ശേഷം വൈകിട്ടോടെ പാസ് കിട്ടി. വധുവിനും വരനും സന്തോഷം. അതോടെ ഉച്ചക്ക് 12മണിക്ക് നിശ്ചയിച്ചിരുന്ന മുഹൂര്‍ത്തം രാത്രിയിലേക്ക് പുനര്‍ നിശ്ചയിച്ചു.