കാസർകോട്: കേരള- കർണാടക അതിർത്തി അടച്ചതിന് പിന്നാലെ കേരളത്തില്‍ നിന്നുള്ള രോഗികളെ ചികിത്സിക്കരുതെന്ന് കാണിച്ച് പുറത്തിറക്കിയ വിവാദ ഉത്തരവ് കർണാടക പിൻവലിച്ചു. ദക്ഷിണ കന്നഡ ജില്ലയിലെ മെഡിക്കല്‍ കോളജുകൾക്കാണ് കേരളത്തില്‍ നിന്നും എത്തുന്ന രോഗികളെ ചികിത്സിക്കരുതെന്ന് നിർദ്ദേശം നല്‍കിയിരുന്നത്. കേരള- കർണാടക അതിർത്തി അടച്ചതില്‍ കോടതി വിമർശച്ചതിന് പിന്നാലെയാണ് വിവാദ ഉത്തരവ് റദ്ദാക്കിയത്.
ദക്ഷിണ കന്നഡ ജില്ല ആരോഗ്യ കുടുംബ ക്ഷേമ ഓഫീസർ വ്യാഴാഴ്ചയാണ് മലയാളികളെ പ്രവേശിപ്പിക്കരുതെന്ന് കാണിച്ച് മെഡിക്കൽ കോളജുകൾക്ക് നോട്ടീസ് നൽകിയത്. കാസർകോട് ജില്ല കൊവിഡ് ഹോട്ട്സ്‌പോട്ട് ആയ സാഹചര്യത്തിലാണ് അതിർത്തി അടച്ചതെന്നാണ് കർണാടകയുടെ വാദം. ഇതിന് പിന്നാലെ ചികിത്സ കിട്ടാതെ അതിർത്തിയിൽ 7 മരണങ്ങളും റിപ്പോർട്ട് ചെയ്തതോടെ ആശുപത്രികൾക്ക് നോട്ടീസ് നൽകിയ നടപടി വിവാദമായി. നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയതോടെയാണ് ഉത്തരവ് കർണാടക പിൻവലിച്ചത്.
അതേസമയം, കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് നഗരത്തിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയ സിറ്റി കോർപറേഷൻ ഉത്തരവ് നില നിൽക്കുന്നുണ്ട്. നഗരത്തിന്‍റെ സമീപം ഉള്ള അയൽ സംസ്ഥാനത്ത് കൊവിഡ് പടരുന്നത് അടിയന്തര സാഹചര്യം ഉണ്ടാക്കിയെന്നും ജനങ്ങളുടെ സഞ്ചാരത്തിലൂടെയും സ്‌പർശനത്തിലൂടെയും രോഗവ്യാപനം ഉണ്ടാകുമെന്നും കോർപറേഷൻ കമ്മിഷണർ എസ്.അജിത് കുമാർ ഹെഗ്ഡെയുടെ ഉത്തരവിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് അയൽ സംസ്ഥാനങ്ങളിലെ വാഹനങ്ങൾക്കും ആളുകൾക്കും നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നും ഉത്തരവ് വ്യക്തമാക്കി. കോടതി ഇടപെടലുകൾ ഉണ്ടായിട്ടും അതിർത്തി തുറക്കാൻ കർണാടക ഇതുവരെ തയ്യാറായിട്ടില്ല.