കാസർകോട്: കർണാടക-കേരള അതിർത്തിയിൽ റോഡുകൾ അടച്ചതും ആർടിപിസിആർ പരിശോധന നിർബന്ധമാക്കിയതും സർക്കാർ തലത്തിൽ ചർച്ച ചെയ്യുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. എംഎൽഎമാർ, ജില്ലാ കലക്ടർ, ജില്ലാ പോലീസ് മേധാവി, ഡെപ്യൂട്ടി ഡിഎംഒ, ഡിവൈഎസ്പിമാർ, പഞ്ചായത്ത് പ്രസിഡണ്ടുമാർ, ഉദ്യോഗസ്ഥർ എന്നിവരുടെ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. അതിർത്തിയിലെ നിയന്ത്രണങ്ങൾ ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്ന സാഹചര്യത്തിലാണ് നടപടി.
കർണാടക സർക്കാരിന്‍റെ നിയന്ത്രണങ്ങൾ ദൈനംദിനം കേരളത്തിൽ നിന്ന് കർണാടകയിൽ പോയിവരുന്നവരെ സാരമായി ബാധിക്കുന്നുണ്ടെന്ന് യോഗത്തിൽ പങ്കെടുത്ത ജനപ്രതിനിധികൾ അറിയിച്ചു. നിലവിൽ നാല് അതിർത്തി റോഡുകളിൽ മാത്രമേ ഗതാഗതം സാധ്യമാകുന്നുള്ളു. മറ്റിടങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് ഗതാഗതം നിരോധിച്ചിരിക്കുകയാണ്.