കാസർകോട്: വടക്കന്‍ കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഭാഷാ പഠനത്തിനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കാല്‍ ലക്ഷ്യമിടുന്ന പഠന കേന്ദ്രമെന്ന പദ്ധതി ഉപേക്ഷിക്കുന്നു. കണ്ണൂര്‍ സര്‍വകലാശാല മഞ്ചേശ്വരം ഗോവിന്ദ പൈ കോളജിന് സമീപത്തായി പണിത കെട്ടിടം കാടു കയറിയതല്ലാതെ പാഠ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെട്ടിട്ടില്ല. കോടികള്‍ മുടക്കി നിര്‍മ്മിച്ച കെട്ടിടം അനാഥമാകുന്ന സ്ഥിതിയാണ്. നാല് വര്‍ഷം മുന്‍പാണ് ഭാഷാപഠനത്തിനായി ഒരു കേന്ദ്രമെന്ന നിലയില്‍ കണ്ണൂര്‍ സര്‍വകലാശാല പദ്ധതി ആവിഷ്‌കരിച്ചത്. ഏഴ് ഭാഷകളുടെ സംഗമസ്ഥലമെന്ന നിലയില്‍ ഗവേഷണത്തിന് പ്രാധാന്യം നല്‍കുന്ന തരത്തിലുള്ള അക്കാദമിക അന്തരീക്ഷം ഒരുക്കുകയായിരുന്നു ലക്ഷ്യം.
എന്നാല്‍ നിലവില്‍ സര്‍വകലാശാലയുടെ ഭാഷാ പഠനവിഭാഗത്തില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നതായുള്ള വിലയിരുത്തലില്‍ സര്‍വകലാശാല എത്തിയതോടെ നേരത്തെ വിഭാവനം ചെയ്‌ത പദ്ധതി കടലാസില്‍ മാത്രം ഒതുങ്ങി. സര്‍വകലാശാല നീലേശ്വരം കാമ്പസില്‍ ഭാഷാ പഠനകേന്ദ്രമുണ്ടെന്നതും ഗിളിവിണ്ടു, തുളു അക്കാദമി എന്നിവ മഞ്ചേശ്വരം മേഖലയില്‍ ഉള്ളതിനാലും സപ്‌തഭാഷ പഠനത്തിന് പുതിയ സ്ഥാപനത്തിന്‍റെ സാധ്യതകള്‍ കുറവാണെന്നും അധികൃതര്‍ വിലയിരുത്തുന്നു.
ഇവിടെ നൂതന പഠനവിഭാഗങ്ങള്‍ ആരംഭിച്ച് കുട്ടികളെ ആകര്‍ഷിക്കാനാണ് ഇപ്പോള്‍ സര്‍വകലാശാല ലക്ഷ്യമിടുന്നത്. ലോജിസ്റ്റിക്, നാനോ ടെക്‌നോളജി, ഫിസിക്കല്‍ എജുക്കേഷന്‍ തുടങ്ങിയ കോഴ്‌സുകള്‍ ആരംഭിക്കാനാണ് തീരുമാനം. കെട്ടിടം ഉപയോഗ യോഗ്യമാക്കി സര്‍വകലാശാല കാമ്പസ് ആയി മാറുന്നതോടെ വടക്കിന്‍റെ വിദ്യാഭ്യാസ രംഗത്തെ മുന്നോട്ട് പോക്കിന് സഹായകമാകും. ഉന്നത വിദ്യാഭ്യാസത്തിനായി മംഗളൂരു ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ പോകുന്നതും സര്‍വകലാശാലയുടെ പുതിയ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്.