കാസർകോട്: കന്നഡ ഭാഷാ വിദ്യാർഥികൾക്കുള്ള ഓൺലൈൻ ക്ലാസുകൾ തയ്യാറായി. കന്നഡ മാധ്യമത്തിൽ പ്രത്യേകം തയ്യാറാക്കിയ വീഡിയോ ക്ലാസുകൾ കൈറ്റ് കാസർകോടിന്‍റെ യുട്യൂബ് ചാനൽ വഴിയും കേരള വിഷൻ കേബിൾ നെറ്റ്‌വർക്കിലൂടെയുമാണ് ലഭ്യമാകുന്നത്. കാസർകോട് ജില്ലയിൽ അര ലക്ഷത്തോളം വരുന്ന കന്നഡ ഭാഷാ വിദ്യാർഥികളുടെ ആശങ്ക സംബന്ധിച്ച ഇടിവി ഭാരത് വാർത്ത നൽകിയിരുന്നു.
ജൂൺ ഒന്നിന് തന്നെ 'ഫസ്റ്റ് ബെൽ' എന്ന പേരിൽ മലയാളം ഭാഷയിൽ ക്ലാസുകൾ ഓൺലൈനായി ലഭ്യമാക്കിയിരുന്നു. എന്നാൽ കന്നഡ, തമിഴ് തുടങ്ങിയ ഭാഷകളിലെ ക്ലാസുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് വ്യക്തതയുണ്ടായിരുന്നില്ല. പഠനം മുടങ്ങുമോ എന്ന് വിദ്യാർഥികൾ ആശങ്കപ്പെട്ടിരുന്ന സമയത്താണ് ക്ലാസുകൾ ലഭ്യമാക്കിയത്.
കൂടുതൽ വായനയ്ക്ക്: ഓൺലൈൻ പഠനം; കന്നഡ ക്ലാസുകൾ വേണമെന്ന് അധ്യാപകർ
കേരള വിഷനിൽ 46-ാം നമ്പർ ചാനലിൽ ക്ലാസുകൾ ലഭിക്കും. ഇന്‍റർനെറ്റ് തടസപ്പെട്ടാലും വിദ്യാർഥികൾക്ക് പഠനം മുടങ്ങരുതെന്ന ലക്ഷ്യത്തോടെയാണ് ചാനൽ നൽകാൻ കേരള വിഷന്‍റെ തീരുമാനിച്ചത്. ഇതിനായി കന്നഡ മേഖലയിൽ കേബിൾ ഇല്ലാത്ത 850 പേർക്ക് സിഒഎ സൗജന്യമായി കേബിൾ കണക്ഷനും നൽകിയിട്ടുണ്ട്.
അര മണിക്കൂർ ദൈർഘ്യമുള്ള എപ്പിസോഡുകളായി തയ്യാറാക്കിയ ക്ലാസുകളുടെ ചിത്രീകരണം കൈറ്റ് കാസർകോട് ഓഫീസ് കേന്ദ്രീകരിച്ചാണ് പൂർത്തിയാക്കിയത്. ഹൈസ്കൂൾ വിഭാഗത്തിൽ ഓരോ ക്ലാസിനും പ്രതിദിനം രണ്ട് വിഷയങ്ങൾ വീതം ക്ലാസുകൾ ഉണ്ടാകും. പ്രൈമറി വിഭാഗത്തിൽ ഒന്നിടവിട്ട ദിവസങ്ങളിലായി യുപി, എൽപി ക്ലാസുകളുടെ വിഷയങ്ങൾ സംപ്രേഷണം ചെയ്യും.