കാസര്‍കോട്: ഉദ്ഘാടനം കഴിഞ്ഞ് പത്തുമാസം കഴിഞ്ഞിട്ടും കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രി (kanjangad mother and child hospital) തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചില്ലെന്ന് പരാതി. 2021 ഫെബ്രുവരി 8ന് നടന്ന ഉദ്ഘാടന ചടങ്ങിൽ അന്നത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ കാസർകോടുകാരോട് പറഞ്ഞത് ഈ ആശുപത്രി രണ്ടുമാസം കൊണ്ടു പ്രവർത്തനം ആരംഭിക്കുമെന്നാണ്. എന്നാൽ ഉദ്ഘാടനത്തിനപ്പുറം ഒന്നുമാവാതെ പൂട്ടിക്കിടക്കുകയാണ് കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രി.
കെട്ടിട നിർമാണം വേഗത്തിൽ പൂർത്തിയാക്കിയെങ്കിലും ആശുപത്രിക്ക് വേണ്ട ഉപകരണങ്ങൾ ഇതുവരെയും എത്തിയിട്ടില്ല. ഉദ്ഘാടനം കഴിഞ്ഞു പത്തുമാസം കഴിഞ്ഞെങ്കിലും പ്രവർത്തനം തുടങ്ങാനുള്ള നടപടികൾ മന്ദഗതിയിലാണ് നീങ്ങുന്നത്. ഉദ്യോഗസ്ഥർ മുറപോലെ കെട്ടിടം സന്ദർശിക്കാറുണ്ടെങ്കിലും നടപടികൾ ഒന്നുമില്ല.
വൈദ്യുതീകരണം പൂര്‍ത്തിയാക്കി പണി ഉടൻ പൂര്‍ത്തിയാക്കുമെന്ന ജില്ലാ ഭരണകൂടത്തിൻ്റെ ഉറപ്പും പാഴായി. ഒന്‍പതരക്കോടി ചെലവിട്ടാണ് കെട്ടിടം നിര്‍മിച്ചത്. ഉദ്ഘാടന സമയത്ത് വൈദ്യുതി ലഭിച്ചിരുന്നില്ല.
അഗ്നി സുരക്ഷാ സംവിധാനം, ലിഫ്റ്റ്, തുണികള്‍ ഉണക്കാനുള്ള റൂഫ് ടോപ്പ്, ഓപ്പറേഷന്‍ തിയേറ്റര്‍ തുടങ്ങിവയുടെ പണിയും നടത്തിയിട്ടില്ല. ആവശ്യമായ പ്രവര്‍ത്തികള്‍ നടത്താതെ തെരഞ്ഞെടുപ്പ് സമയത്ത് തട്ടിക്കൂട്ടി ഉദ്ഘാടനം നടത്തുകയായിരുന്നുവെന്ന് അന്ന് തന്നെ ആരോപണം ഉയർന്നിരുന്നു.
ആശുപത്രിയിലേക്കാവശ്യമായ ജീവനക്കാരുടെ നിയമനവും പാതി വഴിയിലാണ്. ആശുപത്രിയില്‍ 140 കിടക്കകള്‍ ഇടാനുള്ള സൗകര്യമുണ്ട്. ആരോഗ്യ മേഖലയില്‍ പിന്നാക്കം നില്‍ക്കുന്ന കാസര്‍കോട് ജില്ലയിലാണ് ആശുപത്രി കെട്ടിടം അനാഥമായി കിടക്കുന്നത്.
ആശുപത്രി ഉടൻ തുറക്കണം എന്നാവിശ്യപ്പെട്ട് നിരവധി പ്രതിഷേധ സമരങ്ങൾ നടന്നെങ്കിലും ഗുണമുണ്ടായില്ല. ഉപകരണങ്ങൾ എല്ലാം എത്തിച്ച് ജീവനക്കാരെ നിയമിച്ച് അടിയന്തരമായി ആശുപത്രി തുറന്നുകൊടുക്കാനുള്ള അധികൃതരുടെ ഇടപെടലാണ് ഇനി വേണ്ടതെന്നാണ് നാട്ടുകാർ പറയുന്നത്.