കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയിലെ വിഐപി പരിവേഷമുള്ള മണ്ഡലമാണ് കാഞ്ഞങ്ങാട്. മന്ത്രിയെന്ന നിലയില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ ഒരു രേഖയായി പുറത്തിറക്കി ഇടത് സ്ഥാനാര്‍ഥിയും മണ്ഡലത്തിലെ ഓരോ പ്രദേശത്തെയും അടിസ്ഥാന ആവശ്യങ്ങള്‍ ഉന്നയിച്ച് വലത് സ്ഥാനാര്‍ഥിയും കളം നിറയുകയാണ്. തെരഞ്ഞെടുപ്പില്‍ പരസ്പരം കൊമ്പുകോര്‍ക്കുന്ന വമ്പന്‍മാര്‍ കാസര്‍കോട് പ്രസ് ക്ലബിന്‍റെ പഞ്ചസഭയിലും വാദപ്രതിവാദങ്ങള്‍ ഉയര്‍ത്തി നിറഞ്ഞു നിന്നു. മലയോര മേഖലയിലെ വന്യജീവി പ്രശ്‌നവും മണ്ഡലത്തിലെ വികസനവും ചര്‍ച്ച ചെയ്താണ് സ്ഥാനാര്‍ഥികള്‍ നേര്‍ക്കുനേര്‍ പോരടിച്ചത്.
മന്ത്രിയെന്ന നിലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടുമെന്ന ആത്മവിശ്വാസമാണ് കാഞ്ഞങ്ങാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ. ചന്ദ്രശേഖരന്. പാര്‍ട്ടിക്കുള്ളില്‍ മറ്റു പ്രശ്‌നങ്ങളില്ലെന്നും കഴിഞ്ഞ പത്ത് വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച ഉണ്ടാകുമെന്നും ഇ. ചന്ദ്രശേഖരൻ അവകാശപ്പെടുന്നു. വിദ്യാഭ്യാസ ആരോഗ്യ പൊതുമരാമത്ത് മേഖലകളിലെ വികസനപ്രവര്‍ത്തനങ്ങളാണ് ഇടത് സ്ഥാനാര്‍ഥിയുടെ പ്രധാന പ്രചാരണ ആയുധം.
ഇടതിനൊപ്പം നില്‍ക്കുന്ന മണ്ഡലത്തില്‍ അട്ടിമറി വിജയമാണ് യുഡിഎഫ് സ്ഥാനാര്‍ഥി പി വി സുരേഷിന്‍റെ ലക്ഷ്യം. ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ മാറ്റങ്ങള്‍ ഉണ്ടായെന്ന് പറയുമ്പോള്‍ അത്തരം സ്ഥാപനങ്ങളിലെ ന്യൂനതകളാണ് സുരേഷ് ഉയര്‍ത്തിക്കാട്ടുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പട്ടിക ജാതി, വര്‍ഗ വിഭാഗങ്ങളിലെ കുടുംബങ്ങള്‍ അധിവസിക്കുന്ന മണ്ഡലമായിട്ടുകൂടി മന്ത്രി ആ വിഭാഗത്തെ മറന്ന മട്ടാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കുറ്റപ്പെടുത്തി. വാക്കുകളിലൂടെ എല്‍ഡിഎഫും യുഡിഎഫും പരസ്പരം പോരടിക്കുമ്പോഴും ആരോഗ്യകരമായ സംവാദമായി പഞ്ചസഭ മാറി.