കാസർകോട്: കോണ്‍ക്രീറ്റ് ഭണ്ഡാരത്തിന്‍റെ മുപ്പത് സെന്‍റിമീറ്റർ വീതിയും നീളവുമുള്ള തൂണുകളുടെ ചെറുവിടവിലൂടെ കടന്ന് സഹസിക മോഷണ ശ്രമം. കാഞ്ഞങ്ങാട് കുന്നുമ്മൽ അയ്യപ്പ ക്ഷേത്രത്തിലാണ് സംഭവം. വെള്ളിയാഴ്‌ച പുലര്‍ച്ചെ 1.40ന് നടന്ന കവർച്ചയുടെ സി.സി.ടി.വി ദൃശ്യം പുറത്തുവന്നു.
ക്ഷേത്രത്തിന് ചുറ്റും ഗ്രിൽസ് കമ്പികൾ ഉള്ളതിനാൽ പൂട്ടുപൊളിക്കാതെയാണ് അകത്തുകടന്നത്. ആദ്യം ടോർച്ചടിച്ച് പരിസരം വീക്ഷിച്ച്, ശേഷം ഭണ്ഡാര വിടവിലൂടെ രണ്ടുപേര്‍ മലർന്നുകിടന്ന് അകത്തേക്ക് കടക്കുകയായിരുന്നു. തുടർന്ന്, രണ്ട് സി.സി.ടി.വി കാമറകളും തല്ലിപൊട്ടിച്ചു. ഒരുമണിക്കൂറോളം കവർച്ചക്കായുള്ള ശ്രമം നടത്തിയെങ്കിലും ഭണ്ഡാരം പൊളിക്കാൻ കഴിഞ്ഞില്ല.
തുടർന്ന്, അടുത്തുള്ള ലക്ഷ്‌മി നരസിംഹമൂർത്തി ക്ഷേത്രത്തിൽ എത്തി. ഇവിടെയുള്ള ഒരു സി.സി.ടി.വി കാമറയും തകർത്തു. ശേഷം, സ്റ്റീൽ ഭണ്ഡാരം പൊളിച്ച് പണം കവർന്നു. കാട്ടുകുളങ്ങര കുതിര ഭഗവതി ക്ഷേത്രത്തിലും കവർച്ച നടന്നു. ഇവിടത്തെ ഭണ്ഡാരവും പൊട്ടിച്ചാണ് പണം കവർന്നത്. മൂന്നിടങ്ങളിലും എത്തിയത് ഒരേ മോഷ്‌ടാക്കൾ ആണെന്നാണ് പൊലീസിന്‍റെ നിഗമനം. പ്രതികളെ ഉടൻ കണ്ടെത്തുമെന്ന് ഹൊസ്‌ദുർഗ് പൊലീസ് അറിയിച്ചു.