കാസർകോട്: ആരാണ് ഇതില്‍ കുറ്റക്കാർ, കോടതി വിധിച്ചിട്ടും നഷ്‌ടപരിഹാരം കൊടുക്കാത്തത് എന്തുകൊണ്ട്, ഈ നാട്ടിലെ നിയമവ്യവസ്ഥ ഇങ്ങനെയോ, സർക്കാരും ഉദ്യോഗസ്ഥരും ചേർന്ന് ഒത്തുകളിക്കുകയാണോ...സർക്കാർ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ നഷ്‌ടമായ കാഴ്‌ചയ്ക്ക് നഷ്‌ടപരിഹാരം തേടി നിയമപോരാട്ടം തുടരുന്ന ഒരമ്മ ഇങ്ങനെ ചോദിക്കാൻ തുടങ്ങിയിട്ട് 25 വർഷമായി.
28 വർഷം മുമ്പ് കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ ഉണ്ടായ പിഴവിലാണ് ചെറുവത്തൂർ കൊയാമ്പറത്തെ കമലാക്ഷിക്ക് കാഴ്ച നഷ്ടപ്പെട്ടത്. ആശുപത്രിയെ സമീപിച്ചപ്പോൾ കയ്യൊഴിഞ്ഞു. ഒടുവിൽ മംഗളൂരുവിലെ ആശുപത്രിയിൽ രണ്ടു മാസം ചികിത്സ തേടി.
നിയമവഴി: ആശുപത്രി അധികൃതർ കയ്യൊഴിഞ്ഞപ്പോൾ നിയമവഴി തേടി. അങ്ങനെ 25 വർഷം മുൻപ് സംഗതി കേസായി ഹോസ്‌ദുർഗ് സബ്‌കോടതിയിലെത്തി. ദീർഘനാളത്തെ വാദപ്രതിവാദങ്ങൾക്കൊടുവില്‍ 2018ല്‍ വിധി വന്നു. രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരവും അതുവരെയുള്ള കോടതി ചെലവും നൽകാനായിരുന്നു വിധി. അവിടെയും സർക്കാർ ഒളിച്ചുകളിച്ചു.
പക്ഷേ ഈ അമ്മ വിട്ടുകൊടുത്തില്ല. ഹൈക്കോടതിയെ സമീപിച്ചു. ഈടായി ആരോഗ്യ വകുപ്പിന്റെ വാഹനം കൂടി വേണമെന്ന് കോടതി ആവശ്യപ്പെട്ടു. ഹൈക്കോടതി കമലാക്ഷിക്ക് ഒപ്പമായിരുന്നു. സർക്കാരിന്‍റെ വാദങ്ങൾ ഹൈക്കോടതി തള്ളി. എന്നിട്ടും നഷ്ട പരിഹാരം ലഭിച്ചില്ല. കമലാക്ഷി വിട്ടുകൊടുത്തില്ല, ഈടുവച്ച വാഹനം ലേലം ചെയ്തു നഷ്ടപരിഹാര തുക നൽകണമെന്ന് ആവശ്യപ്പെട്ട് ഹർജി നല്‍കി.
ആ ഹർജിയിലാണ് ഇപ്പോൾ തീരുമാനമാകുന്നത്. പഴയ ടാറ്റ സുമോയാണ് സർക്കാർ ഹാജരാക്കേണ്ട വാഹനം. കമലാക്ഷിയമ്മ പ്രതീക്ഷയിലാണ്, നഷ്‌ടപരിഹാരത്തിലല്ല, 25 വർഷത്തെ നിയമപോരാട്ടം വിജയം കാണുന്നതില്‍...തോല്‍പ്പിക്കാൻ ശ്രമിച്ചവരുടെയെല്ലാം മുന്നില്‍ ഒരിക്കലെങ്കിലും ജയിക്കുന്നതിന്‍റെ സന്തോഷം.. കാരണം ഇടതുകണ്ണിന് കാഴ്ച നഷ്ടപ്പെട്ട കമലാക്ഷിയുടെ ജീവിതം ദുരിത പൂർണമാണ്.
കാഴ്ച നഷപ്പെട്ടതോടെ സ്‌കൂളിലെ പാചക ജോലി ഉപേക്ഷിക്കേണ്ടി വന്നു. ഇപ്പോൾ ഇടക്ക് തൊഴിലുറപ്പ് ജോലിക്ക് പോകും. സഹോദരിയും, മകളും മാത്രമാണ് ആശ്രയം. രണ്ട് പതിറ്റാണ്ടിലേറെയായി നേരിട്ട ജീവിത ദുരിതത്തിന് പകരമാകില്ലെങ്കിലും, കോടതി വിധിച്ച നഷ്ട പരിഹാര തുക കമലാക്ഷിക്ക് ലഭിച്ചാൽ വലിയ ആശ്വാസമാകും.