കാസർകോട്: സ്‌പോര്‍ട്‌സ് കൗണ്‍സിലിന്‍റെ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന ജില്ലാ കളരിപ്പയറ്റ് അസോസിയേഷനെതിരെ കോടതിയെ സമീപിക്കുമെന്ന് കളരി ഗുരുക്കന്‍മാര്‍. മൂന്ന് കളരികളെ മാത്രം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിലവിലെ അസോസിയേഷന്‍ അനധികൃതമായി മത്സരങ്ങള്‍ സംഘടിപ്പിച്ച് കളരി വിദ്യാര്‍ഥികളെ വഞ്ചിക്കുകയാണ്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്‍റെ അന്വേഷണ കമ്മീഷന്‍ പുനസംഘടിപ്പിക്കാന്‍ നിര്‍ദേശിച്ച അസോസിയേഷനാണ് കൗണ്‍സിലിനെപ്പോലും വെല്ലുവിളിക്കുന്നത്. കൗണ്‍സില്‍ നിരീക്ഷകന്‍റെ സാന്നിധ്യത്തില്‍ നടത്തേണ്ട ജില്ലാ മത്സരങ്ങള്‍ നിബന്ധനകള്‍ കാറ്റില്‍പ്പറത്തിയാണ് നടത്തിയത് എന്നും കളരി ഗുരുക്കന്‍മാര്‍ ആരോപിക്കുന്നു .
നിലവില്‍ കാസര്‍കോട് ജില്ലയില്‍ ഒദ്യോഗികമായി കളരി അസോസിയേഷന്‍ ഇല്ല. ജില്ലയില്‍ 26 കളരികളും 750ലേറെ പഠിതാക്കളുമുണ്ടായിട്ടും അസോസിയേഷന്‍ മൂന്ന് കളരികളെ മാത്രം പരിഗണിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും കളരി ഗുരുക്കന്‍മാര്‍ കുറ്റപ്പെടുത്തി.