കാസർകോട്: മഴക്കാലത്തിന്‍റെ വരവറിയിച്ച് പൂത്തതാണ് ഈ കടമ്പിൻ മരം. എല്ലാവര്‍ഷവും പൂക്കാറുണ്ടെങ്കിലും ഇത്തവണ കടമ്പിന്‍ പൂവ് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. ഒറ്റനോട്ടത്തില്‍ എവിടെയോ കണ്ട ചിത്രവുമായി വല്ലാത്ത സാമ്യം. മറ്റൊന്നുമല്ല കൊറോണ വൈറസിന്‍റെ ഗ്രാഫിക്കൽ ചിത്രത്തിന് സമാനമാണ് കടമ്പിൻ പൂവും. കദമ്പ, ആറ്റുതേക്ക് എന്നീ പേരുകളിലും അറിയപ്പെടുന്ന കടമ്പിൻ മരം മലയോരങ്ങളില്‍ മാത്രം കാണുന്നവയാണ്. ആഴ്ചകള്‍ക്ക് മുമ്പ് തന്നെ മൊട്ടിട്ടാലും വേനല്‍ മഴയേറ്റാല്‍ മാത്രമേ ഇവ വിരിയാറുള്ളൂ.
ആന്തോസെഫാലസ് കദംബ എന്ന ശാസ്‌ത്രീയനാമത്തിലാണ് ഇത് അറിയപ്പെടുന്നത്. ഏറെ ഔഷധ ഗുണമുള്ളതാണ് കദംബ മരവും പൂവും. മരത്തൊലിയില്‍ നിന്ന് കദംബജനിക് ആസിഡ്, കാദമൈന്‍, ക്യുനോവിക് ആസിഡ് എന്നിവ വേര്‍തിരിച്ചെടുക്കുന്നുണ്ട്. ഇത് അര്‍ബുദ ചികിത്സക്ക് ഉപയോഗിക്കുന്നു. കൊതുക് ലാര്‍വകളെയും നശിപ്പിക്കാനുള്ള ശേഷിയും ഇവക്കുണ്ട്. പൂവിന്റെ കഷായം ഉണ്ടാക്കി ബാക്‌ടിരിയക്കെതിരെയും പ്രയോഗിക്കുന്നു. ഗര്‍ഭാശയരോഗം, ചര്‍മ്മരോഗം, പൊള്ളല്‍, രക്തക്കുറവ്, എന്നിവക്ക് മരുന്നായും ഇവ ഉപയോഗിക്കുന്നുണ്ട്.