കാസർകോട് : ഒരു കയ്യിൽ സ്‌പാനറും മറുകയ്യിൽ ഹാമറുമായി ദിവസവും 12 കിലോമീറ്റർ യാത്ര. ചരിത്രത്തിലേക്ക് നടന്ന് കയറിയ രമണിയുടെ ആ യാത്ര നാളെ അവസാനിക്കുകയാണ്. 41 വർഷം മുമ്പാണ് ഇന്ത്യൻ റെയിൽവേയുടെ ട്രാക്കിലൂടെ ചെറുവത്തൂർ സ്വദേശിനി രമണി നടന്ന് തുടങ്ങിയത്.
ആദ്യം ചെറുവത്തൂരും മറ്റും നിർത്തിയിടുന്ന ട്രെയിനുകളുടെ പരിപാലനമായിരുന്നു ജോലി. പിന്നീട് ട്രാക്ക് വുമൺ (Track Woman) ആയി സ്ഥാനക്കയറ്റം. അതൊരു ചരിത്രമായിരുന്നു. ഇന്ത്യൻ റെയിൽവേയിലെ ആദ്യത്തെ ട്രാക്ക് വുമണായി രമണി മാറിയ ചരിത്രം (India's First Track Woman Ramani). പിന്നീടിങ്ങോട്ട് വർഷങ്ങളോളം സേവനമനുഷ്‌ഠിച്ച രമണി ഇന്ത്യൻ റെയിൽവേയിൽ നിന്നും പടിയിറങ്ങുകയാണ്.
പയ്യന്നൂർ സെക്ഷനിൽനിന്ന് ഗാങ്‌മേറ്റായാണ് രമണി വിരമിക്കുന്നത്. 1982ൽ, തന്‍റെ 19-ാം വയസിലാണ് രമണി റെയിൽവേയിൽ താൽകാലികമായി ജോലിയിൽ പ്രവേശിച്ചത്. പിന്നിട് ട്രാക്ക് വുമൺ ആയി സ്ഥിരപ്പെട്ടു. ജോലിക്കായി അഭിമുഖം നടന്ന മംഗലാപുരത്ത് തന്നെ ആദ്യ നിയമനവും കിട്ടി.
നോക്കത്താ ദൂരത്ത് നീണ്ടു കിടക്കുന്ന റെയിൽവേ പാളത്തിലൂടെ ദിവസവും നടക്കണം. അക്കാലത്ത് ഒരു ട്രാക്ക് മാത്രമായിരുന്നു ഉണ്ടായിരുന്നത്. സമീപത്ത് വീടുകൾ പോലും ഉണ്ടായിരുന്നില്ല. ഭാഷയും പ്രശ്‌നമായിരുന്നു. ആദ്യം ഭയം ഉണ്ടായിരുന്നെങ്കിലും പിന്നീട് ട്രാക്ക് പരിചിതമായെന്ന് രമണി ഓർക്കുന്നു. അക്കാലത്ത് റെയിൽവേയിൽ ട്രാക്ക്‌മാൻ പോസ്‌റ്റിലെ പുരുഷന്മാരുടെ കുത്തകയാണ് രമണിയുടെ വരവോടെ അവസാനിച്ചത്.
അന്ന് ട്രാക്ക്‌മാന്‍റെ വേഷം ട്രൗസറായിരുന്നു. എന്നാൽ, ട്രൗസറിട്ട് ജോലി ചെയ്യാൻ പറ്റില്ലെന്ന് അറിയിച്ച രമണിക്ക് സാരി യൂണിഫോമായി അധികൃതർ അനുവദിച്ചു. വീട്ടിൽ നിന്നും നാട്ടിൽ നിന്നും രമണിക്ക് വലിയ എതിർപ്പുകൾ നേരിടേണ്ടി വന്നിരുന്നു. ഭാരിച്ച ജോലിയാണെന്നും പോകരുതെന്നും ബന്ധുക്കൾ വിലക്കി. എന്നാൽ ഇതൊക്കെ മറികടന്നായിരുന്നു ജോലിയിൽ പ്രവേശിച്ചത്.
തുടക്കത്തിൽ മൃതദേഹങ്ങൾ ട്രാക്കിൽ ചിന്നിച്ചിതറി കിടക്കുന്നത് രമണിയെ പേടിപ്പെടുത്തിയിരുന്നു. പല ദിവസങ്ങളിലും ഭക്ഷണം പോലും കഴിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും രമണി ഓർക്കുന്നു. പിന്നീട് അതൊക്ക ശീലമായി. കൊവിഡ് സമയത്ത് 20 ദിവസത്തെ അവധി ഒഴിച്ചാൽ ബാക്കി എല്ലാ ദിവസവും രമണി ട്രാക്കിൽ ഉണ്ടായിരുന്നു. മഴയായാലും വെയിലായാലും മഞ്ഞായാലും ജോലിക്ക് മുടക്കമില്ല. ജോലിയുടെ മികവിൽ പല പുരസ്‌കാരങ്ങളും രമണിയെ തേടിയെത്തി.
ഇളകിപ്പോകുന്ന ട്രാക്കിലെ നട്ടുകൾ സ്ഥാനത്ത് ഉറപ്പിക്കുന്നതും വിള്ളൽ കണ്ടെത്തിയാൽ ട്രെയിൻ നിർത്താൻ സിഗ്‌നൽ നൽകേണ്ടതുമൊക്കെയാണ് ട്രാക്ക്‌മാന്‍റെ ജോലി. വർഷങ്ങൾക്കിപ്പുറം ട്രാക്കും ട്രെയിനും ഒരുപാട് മാറിയെന്നും രമണി പറയുന്നു. കൽക്കരി എഞ്ചിൻ ആയിരുന്നു താൻ ജോലിക്ക് എത്തിയപ്പോൾ ഉണ്ടായിരുന്നത്. പിന്നീട് ഡീസൽ എഞ്ചിനും ഇലക്ട്രിക് എഞ്ചിനും ആയി. ട്രാക്ക് ഒന്നിൽ നിന്നും രണ്ടും മൂന്നുമായി. താൻ ചരിത്രം കുറിച്ച ജോലിയിലേക്ക് വനിതകളും എത്തി തുടങ്ങിയെന്ന് രമണി സന്തോഷത്തോടെ പറയുന്നു. ജോലി തിരക്കിനിടയിൽ വിവാഹം മറന്നു. മാതാപിതാക്കളുടെ സംരക്ഷണമായിരുന്നു പ്രധാനം. പിന്നീട് വിവാഹത്തെ കുറിച്ച് ചിന്തിച്ചില്ല.
ചെറുവത്തൂർ റെയിൽവേ സ്‌റ്റേഷന് സമീപത്ത് മാച്ചിപ്പുറത്ത് സ്വന്തമായി വീട് കെട്ടിയിട്ടുണ്ട്. സഹോദരിയുടെ മകൾക്കൊപ്പമാണ് താമസം. റെയിൽവേയിൽ സേവനം അവസാനിച്ചെങ്കിലും റെയിൽവേയുടെ ചരിത്രത്തിൽ രമണി എന്ന പേര് മായാതെ കിടക്കും. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്‌ചയാണ് (ഓഗസ്‌റ്റ് 31) ഔദ്യോഗിക വിരമിക്കൽ ചടങ്ങ് (India's First Track Woman Ramani Retires Tomorrow).