കാസർകോട് : പുത്തിഗെ കുഞ്ഞിപ്പദവിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് കവർച്ച (House Robbed in Kasaragod). 23.5 പവൻ സ്വർണം മോഷണം പോയി. കുഞ്ഞിപ്പദവിലെ ഭട്ടുറായിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഉച്ചയ്ക്ക് 12.30 നും രണ്ട് മണിക്കുമിടയിലാണ് സംഭവം. വീട്ടുകാർ സമീപത്തെ ക്ഷേത്രത്തിൽ ഉത്സവത്തിന് പോയപ്പോഴായിരുന്നു കവർച്ച.
വീടിന്‍റെ മുൻവാതിൽ തകർത്ത് മോഷ്‌ടാവ് അകത്ത് കയറി. ശേഷം സ്വർണാഭരണങ്ങൾ കവർന്ന് രക്ഷപ്പെടുകയായിരുന്നു (Gold Ornaments Stolen). ഭട്ടുറായിയുടെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയത്. മുൻവാതിൽ അകത്തുനിന്ന് പൂട്ടി പിൻവാതിൽ തുറന്നാണ് മോഷ്‌ടാവ് രക്ഷപ്പെട്ടത്. സംഭവത്തിൽ ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. വിരലടയാള വിദഗ്‌ധരും (Fingerprint Experts), ഡോഗ് സ്ക്വാഡും (Dog Squad) സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ മാസവും ജില്ലയിൽ വലിയ മോഷണം നടന്നിരുന്നു. ഡിസംബർ 15 ന് കാസർകോട് ജില്ലയിൽ വൃദ്ധദമ്പദികളുടെ വീട്ടിലെത്തി കത്തികാട്ടി ഭീഷണിപ്പെടുത്തി മുഖംമൂടി (Masked Robbers) സംഘം വൻ കവർച്ച നടത്തുകയായിരുന്നു.
കാസർകോട് പരവനക്കടുത്ത് കൈന്തയാറിലെ കുഞ്ഞിക്കണ്ണൻ - തങ്കമണി ദമ്പതികളുടെ എട്ട് പവന്‍ സ്വർണമാണ് കൊളളയടിച്ചത്. വൃദ്ധ ദമ്പതികൾമാത്രം താമസിക്കുന്ന വീട്ടിലായിരുന്നു മോഷണം. ഇവരെ ബന്ദിയാക്കിയ ശേഷം മോഷ്‌ടാക്കൾ തങ്കമണിയുടെ താലിമാല ഊരിവാങ്ങി. പിന്നീട് അലമാരയുടെ താക്കോൽ ആവശ്യപ്പെട്ടു. ഇത് ലഭിച്ച ഉടൻ വീടുമുഴുവൻ അരിച്ചുപെറുക്കി. ദേഹത്ത് ധരിച്ചിരുന്നതും അലമാരയിൽ സൂക്ഷിച്ചിരുന്നതുമായ എട്ട് പവനോളം സ്വർണം കൈക്കലാക്കി സംഘം കടന്നുകളയുകയുമായിരുന്നു.
കവർച്ചയ്‌ക്ക് പിന്നിൽ ഒരു പ്രൊഫഷണൽ മോഷണ സംഘമാണെന്നായിരുന്നു പൊലീസിന്‍റെ നിഗമനം. രണ്ട് മണിക്കൂർ നേരമായിരുന്നു മോഷ്‌ടാക്കൾ വീട്ടിൽ ഉണ്ടായിരുന്നത്. കേസിൽ ബേക്കൽ ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം.