കാസർകോട്: അരുണാചൽ പ്രദേശിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി സൈനികൻ കെ വി അശ്വിന് ജന്മനാടിന്‍റെ വീരോചിത യാത്രമൊഴി. സൈനികനെ അവസാനമായി ഒരു നോക്ക് കാണാൻ ജനസാഗരമൊഴുകിയെത്തി. ഭാരത് മാതാ കി ജയ്, വന്ദേമാതരം വിളികളോടെ ധീര ജവാനെ ജന്മനാട് യാത്രയാക്കി.
വീടിനോട് ചേർന്ന പറമ്പിൽ രാജ്യത്തിന്‍റെ പ്രിയപ്പെട്ടവൻ അനശ്വരതയിലേക്ക് മടങ്ങി. അശ്വിന്‍റെ വിയോഗം ഉൾക്കൊള്ളാകാനാകാതെ വിതുമ്പുകയാണ് ഗ്രാമം. കിഴക്കെമുറി പൊതുജനവായനശാല പരിസരത്ത് പൊതു ദർശനത്തിനു വെച്ച മൃതദേഹത്തിൽ കേരള സർക്കാരിന് വേണ്ടി മന്ത്രി അഹമ്മദ് ദേവർ കോവിലും മുഖ്യമന്ത്രിക്ക് വേണ്ടി ജില്ല കലക്‌ടറും പുഷ്‌പചക്രം അർപ്പിച്ചു.
സേന വിഭാഗവും കേരള പൊലീസും ഗാർഡ് ഓഫ് ഓണർ നൽകി. ഞായറാഴ്‌ച (ഒക്‌ടോബർ 23) രാത്രി ഏഴോടെയാണ് മൃതദേഹം സേനയുടെ പ്രത്യേക വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലെത്തിച്ചത്. വിമാനത്താവളത്തിൽ വെച്ച് സൈനിക പൊലീസ് ഉദ്യോഗസ്ഥർ അന്തിമോപചാരമർപ്പിച്ചു.
രാത്രി ഒൻപത് മണിയോടെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തിങ്കളാഴ്‌ച രാവിലെ ഒൻപത് മണിയോടെ ചെറുവത്തൂരിൽനിന്ന് വിലാപയാത്രയായി വിക്‌ടർ കിഴക്കെമുറി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് പൊതുജന വായനശാലയിലെത്തിച്ച് പൊതുദർശനത്തിന് വച്ചു. 10.45ഓടെ വീട്ടിൽ എത്തിച്ച മൃതദേഹം സൈനിക ബഹുമതിയോടെയാണ് വീട്ടുവളപ്പിൽ സംസ്‌കരിച്ചത്. മരുമക്കൾ ചിതയ്ക്ക് തീകൊളുത്തി.