കാസർകോട്: കനത്ത മഴയിൽ കാസർകോട് ജില്ലയിൽ രണ്ട് മരണം. ധൂർപരപ്പടി ചേനക്കോഡ് വീട്ടിൽ ചന്ദ്രശേഖരൻ (37), വില്ലേജ് മയ്യിച്ച കോളായി സുധൻ (50) എന്നിവരാണ് മരിച്ചത്. മധുർ ചേനക്കോട്ടെ ചന്ദ്രശേഖരൻ വയലിൽ വെള്ളം നിറഞ്ഞ കുഴിയിൽ വീണും ചെറുവത്തൂർ മയ്യിച്ചയിലെ കൊളായി സുധൻ വെള്ളക്കെട്ടിൽ വീണുമാണ് മരിച്ചത്.
അതേസമയം ജില്ലയിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയിലും കാറ്റിലും മരങ്ങൾ കടപുഴകി വീണും നിരവധി വീടുകൾ തകർന്നും നാശനഷ്‌ടം. മധൂർ വില്ലേജിൽ മോഗറിലെ ഏഴ് കുടുംബങ്ങളെയും പട്‌ലയിൽ മൂന്ന് കുടുംബങ്ങളെയും മാറ്റി പാർപ്പിച്ചു. മഞ്ചേശ്വരത്ത് ഫെലിക്‌സിയുടെയും കോട്ടിക്കുളത്തെ മാളിക വളപ്പിൽ കാർത്ത്യായനിയുടെയും വീട് പൂർണമായും കൊടലമൊഗറുവിലെ അബ്‌ദുൾ അസീസ്, ബന്തടുക്കയിലെ ബേത്തലം രാമകൃഷ്‌ണൻ, കുമ്പളയിലെ ലക്ഷ്‌മി നാരായണ ഭട്ട് എന്നിവരുടെ വീടുകൾ ഭാഗികമായും തകർന്നു.
രാവിലെ ഏഴ് മണിയോടെയുണ്ടായ ശക്തമായ കാറ്റിൽ കാസർകോഡ് അടുക്കത്ത്ബയൽ ബീച്ചിൽ സത്യനാരായണ മഠത്തിനു സമീപത്തെ 12 വീടുകളുടെ ഓടുകൾ തകർന്നു. പിലിക്കോട് മാലിയത് റോഡിൽ ഓവുചാൽ നിറഞ്ഞ് അറുപതോളം വീടുകളിലും വെള്ളം കയറി. അതേസമയം മധുവാഹിനി പുഴയിലെയും തേജസ്വിനി പുഴയിലെയും ജലനിരപ്പ് താഴ്ന്നു തുടങ്ങി.