കാസർകോട്: കാസർകോട് ജില്ലയിൽ മഴക്കെടുതി രൂക്ഷമായതിനെ തുടർന്ന് ഭൂരിഭാഗം മേഖലകളും വെള്ളത്തിനടിയിലായി. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ 11 ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി മുതൽ തോരാതെ പെയ്ത മഴയാണ് സ്ഥിതിഗതികൾ ഗുരുതരമാക്കിയത്. തേജസ്വിനി പുഴ കരകവിഞ്ഞതിനെ തുടർന്ന് പാലായി, ചാത്തമത്ത്, മയ്യിച്ച, പൊടോതുരുത്തി എന്നിവിടങ്ങളിലെ മുഴുവൻ ആളുകളെയും സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. വീടുവിട്ടിറങ്ങാൻ വിസമ്മതിച്ചവരെ നിർബന്ധിച്ചാണ് മാറ്റിയത്. ഇവിടെ രക്ഷാപ്രവർത്തനങ്ങൾക്കായി വലിയ വള്ളങ്ങളും ഇറക്കിയിരുന്നു.
മലയോരമേഖലകളിൽ മണ്ണിടിച്ചിലും രൂക്ഷമാണ്. ഭീമനടി, കുന്നുംകൈ, ചിറ്റാരിക്കാൽ തുടങ്ങിയ മേഖലകളിലാണ് മണ്ണിടിച്ചിൽ ഭീഷണി ആയിരിക്കുന്നത്. വെള്ളരിക്കുണ്ട് കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ ഗതാഗതം നിലച്ചു. ബദിയടുക്ക പുത്തൂർ അന്തർ സംസ്ഥാന പാതയിൽ മണ്ണിടിഞ്ഞു. നേരത്തെ മണ്ണിടിഞ്ഞ സ്ഥലത്താണ് വീണ്ടും പ്രശ്നമുണ്ടായത്. ഇവിടെ റോഡ് വിണ്ടു കീറിയതോടെ ഗതാഗതം നിരോധിച്ചു. തീരദേശ മേഖലകളിൽ കടലാക്രമണവും ശക്തമായി. തൈക്കടപ്പുറം, കാഞ്ഞങ്ങാട് മീനപ്പിസ്, ഉപ്പള, മുസോടി, കസമ്പ ,ചേരങ്ക, തൃക്കക്കാട് തുടങ്ങിയ പ്രദേശങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്. ജില്ലയിൽ പതിനൊന്ന് ദുരിതാശ്വാസ ക്യാമ്പുകളിലായി 49 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ബേക്കലിൽ വീട് പൂർണമായും തകർന്ന് മൂന്ന് പേർക്ക് പരിക്കേറ്റു.