കാസര്‍കോട്: കണ്ണൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ നിന്നും ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച് കാസര്‍കോട്ടെ പ്രതിസന്ധി പരിഹരിക്കാന്‍ ആരോഗ്യവകുപ്പിന്‍റെ തീവ്രശ്രമം. കഴിഞ്ഞ ദിവസം ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമമുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പിന്‍റെ അടിയന്തര ഇടപെടല്‍.
മംഗളൂരുവില്‍ നിന്ന് കാസര്‍കോട് ജില്ലയിലെ സ്വകാര്യ ആശുപത്രികളിലേക്കുള്ള ഓക്‌സിജന്‍ വിതരണത്തിന് കര്‍ണാടക നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഓക്‌സിജന്‍ ക്ഷാമം അനുഭവപ്പെട്ടത്. ആശുപത്രികളിലെ കരുതല്‍ ശേഖരമുള്‍പ്പെടെ തീര്‍ന്നു പോകുമെന്ന സാഹചര്യം വന്നതോടെ കണ്ണൂരിലെ ബാല്‍കോയില്‍ നിന്നും ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചു. മറ്റ് ആശുപത്രികളിലേക്കും സിലിണ്ടറുകള്‍ എത്തിക്കാന്‍ ഇതോടെ നടപടിയായി. ചൊവ്വാഴ്‌ച വൈകുന്നേരത്തിന് മുന്‍പായി 150 സിലിണ്ടറുകള്‍ കൂടി എത്തിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്.
Read more: കാസർകോട്ടെ ഓക്‌സിജൻ ക്ഷാമത്തിന് താത്കാലിക പരിഹാരം
കണ്ണൂരിലെ ബാല്‍കോ എയര്‍ പ്രൊഡക്ട്‌സില്‍ ഓക്‌സിജന്‍ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള തീരുമാനവും ആശ്വാസം നല്‍കുന്നുണ്ട്. മംഗളൂരു ബൈകമ്പാടി മലബാര്‍ ഓക്‌സിജന്‍ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നായിരുന്നു കാസര്‍കോട് ജില്ലയിലേക്ക് ഓക്‌സിജന്‍ എത്തിച്ചിരുന്നത്. 7600 ലിറ്ററിന്‍റെ 160 സിലിണ്ടറുകളാണ് ഒരു ദിവസം ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ആവശ്യമുള്ളത്. സര്‍ക്കാര്‍ ആശുപത്രികളില്‍ 110 സിലിണ്ടറുകളും ആവശ്യമുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേക്കായി ശരാശരി 600 സിലിണ്ടര്‍ ഓക്‌സിജനാണ് നിലവില്‍ ആവശ്യമായി വരുന്നത്. ഇതില്‍ 300 സിലിണ്ടറുകളാണ് ധര്‍മശാലയിലെ ബാല്‍കോയില്‍ ഉത്പാദിപ്പിക്കുന്നത്. ബാക്കിയുള്ളവ പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുമാണ് എത്തിക്കുന്നത്. നിലവിലെ പ്രതിദിന ഉത്പാദനം 500 സിലിണ്ടറുകളായി ഉയര്‍ത്താനാണ് ബാല്‍കോ തീരുമാനിച്ചിട്ടുള്ളത്. ഇതോടെ കാസര്‍കോടുള്‍പ്പെടെ ഓക്‌സിജന്‍ ക്ഷാമമുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ഓക്‌സിജന്‍ പുറത്തേക്ക് നല്‍കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനവും വന്നതോടെ ഓക്‌സിജന്‍ പ്രതിസന്ധിയുണ്ടാകില്ലെന്നാണ് കരുതുന്നത്.
Read more: മറ്റ് സംസ്ഥാനങ്ങൾക്ക് ഓക്‌സിജൻ നൽകാൻ ആകില്ലെന്ന് കേരളം