കാസർകോട്: കൈക്കൂലി വാങ്ങുന്നതിനിടെ സർക്കാർ ആശുപത്രി ഡോക്‌ടർ വിജിലൻസ് പിടിയിൽ. കാസർകോട് ഗവൺമെന്‍റ് ജനറൽ ആശുപത്രിയിലെ ഡോക്‌ടർ വെങ്കിടഗിരിയാണ് പിടിയിലായത് (Government Doctor Arrested For Taking Bribe). ഓപ്പറേഷൻ തിയതി നേരത്തെ നിശ്ചയിച്ച് നൽകാനാണ് കൈക്കൂലി വാങ്ങിയത്. വിജിലൻസ് ഡിവൈഎസ്‌പി വി.കെ. വിശ്വംഭരൻ നായരുടെ സംഘമാണ് ഇയാളെ പിടികൂടിയത്.
നിരവധി പേർ ഇയാൾക്കെതിരെ ഇതിനു മുൻപും പരാതി ഉന്നയിച്ചിരുന്നു. മധൂർ പട്ള സ്വദേശി ഹെർണിയ അസുഖത്തിന് ചികിത്സയ്ക്കായി കാസർകോട് ഗവൺമെന്‍റ് ജനറൽ ആശുപത്രിയിലെ ഡോക്‌ടറെ കാണുകയും പരിശോധിച്ച് ഓപ്പറേഷൻ ആവശ്യമാണെന്ന് നിശ്ചയിക്കുകയും ചെയ്‌തിരുന്നു. ഓപ്പറഷന് തിയതി ലഭിക്കുന്നതിന് അനസ്തേഷ്യ വിഭാഗം ഡോക്‌ടർ വെങ്കിട ഗിരിയെ കാണാൻ പറയുകയും ചെയ്‌തിരുന്നു.
എന്നാൽ ഇയാളെ കണ്ടപ്പോൾ ഡിസംബർ മാസത്തിലേക്കാണ് ഓപ്പറേഷനായി ഡേറ്റ് നൽകിയത്. ഓപ്പറേഷൻ തിയതി മുന്നോട്ട് ആക്കുന്നതിനാണ് 2000 രൂപ കൈക്കൂലി വാങ്ങിയത്. തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു.
വിജിലൻസ് ഡിവൈഎസ്‌പി വി കെ വിശ്വംഭരൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരാതിക്കാരൻ പണം കൈമാറുമ്പോൾ കയ്യോടെ പിടികൂടിയത്. വിജിലൻസ് സംഘത്തിൽ വിജിലൻസ് ഇൻസ്പെക്‌ടർ കെ സുനുമോൻ, സബ് ഇൻസ്പെക്‌ടർമാരായ കെ.രാധാകൃഷ്‌ണൻ, വി.എം മധുസൂദനൻ, പി.വി സതീശൻ, അസിസ്റ്റന്‍റ് സബ് ഇൻസ്പെക്‌ടർമാരായ വി.ടി സുഭാഷ് ചന്ദ്രൻ, പ്രിയ കെ നായർ, കെ.വി.ശ്രീനിവാസൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി.കെ.രഞ്ജിത് കുമാർ, വി.രാജീവൻ, പ്രദീപ്, കെ.ബി. ബിജു, ഷീബ, പ്രമോദ് കുമാർ, പ്രദീപ് കുമാർ, അസി. ഡിസ്ട്രിക് പ്ലാനിങ് ഓഫിസർ റിജു മാത്യു, ഡയറി ഡവലപ്മെന്‍റ് സീനിയർ സൂപ്രണ്ട് ബി. സുരേഷ് കുമാർ എന്നിവരുമുണ്ടായിരുന്നു.
അറസ്റ്റ് ചെയ്‌ത പ്രതിയെ തലശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കും.