കാസര്‍കോട്: ആശങ്കയുടെ മൂന്ന് ദിനരാത്രങ്ങള്‍ക്കൊടുവില്‍ നാട്ടിലെത്തിയതിന്റെ സന്തോഷത്തിലാണ് മംഗളൂരുവിലെ മലയാളി വിദ്യാര്‍ഥികള്‍. ഇരുന്നൂറോളം വിദ്യാര്‍ഥികളാണ് അഞ്ച് കെ.എസ്.ആര്.ടി.സി ബസുകളിലായി പൊലീസ് സുരക്ഷയില്‍ അതിര്‍ത്തി കടന്നെത്തിയത്. ഭയന്നു കഴിഞ്ഞ മണിക്കൂറുകള്‍. ആരുമായും ബന്ധപ്പെടാനാവാത്ത സാഹചര്യം.
ആശങ്കകള്‍ക്കൊടുവില്‍ സര്‍ക്കാര്‍ ഇടപെട്ടു. കര്‍ഫ്യൂ ഇളവ് വന്ന സമയത്ത് കേരളത്തിന്റെ സ്വന്തം കെ.എസ്.ആര്.ടിസിയില്‍ വിദ്യാര്‍ഥികളുമായി നാട്ടിലേക്ക് തിരിച്ചു. അതിര്‍ത്തി കടന്നപ്പോള്‍ വിദ്യാര്‍ഥികളുടെ മുഖത്ത് ആശ്വാസം വ്യക്തമായിരുന്നു. കാസര്‍കോട്ടെത്തിയ വിദ്യാര്‍ഥികളെ മന്ത്രി ഇ.ചന്ദ്രശേഖരനും ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത് ബാബുവും മധുരം നല്കി സ്വീകരിച്ചു. ഇവരെ ഇന്ന് തന്നെ വീടുകളിലേക്ക് എത്തിക്കും.