കാസർകോട്: പള്ളത്ത് കുഴൽപ്പണവും, സ്വർണവുമായി യുവാവ് പിടിയിൽ. 14 ലക്ഷം രൂപയുടെ കുഴൽപ്പണവും, 969 ഗ്രാം സ്വർണവുമാണ് കാസർകോട് ടൗൺ പൊലീസ് പിടികൂടിയത് (Gold And Hawala Smuggling One Arrested). തളങ്കര സ്വദേശി അഹമ്മദ് ഇർഫാനെ പൊലീസ് അറസ്റ്റ് ചെയ്‌തു. പള്ളം റോഡിലെ ഒരു ജ്വല്ലറിക്ക് സമീപത്ത് നിന്നാണ് ഇർഫാൻ പിടിയിലായത്.
സംശയാസ്‌പദമായ സാഹചര്യത്തിൽ കണ്ട പ്രതിയെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന പണവും, സ്വർണവും കണ്ടെത്തിയത്. കാസർകോട് ടൗൺ സി.ഐ അജിത്ത് കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. പിടിയിലായ യുവാവ് ഇടനിലക്കാരനാണെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
കുഴൽപ്പണ, ഹവാല ഇടപാടുകൾ കാസർകോട് ജില്ലയിൽ വ്യാപകമായതോടെ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. നേരത്തെ 57 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. കാസർകോട് നഗരം, പുലിക്കുന്ന്, നീലേശ്വരം എന്നിവിടങ്ങളിൽ നിന്നാണ് അനധികൃതമായി കടത്തിയ പണം പിടികൂടിയിരുന്നത്. നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. പുലിക്കുന്നിൽ 30 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി ചേരൂർ സ്വദേശി അബ്‍ദുൾ ഖാദർ മഹ്ഷൂഫാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് കാസർകോട് ടൗൺ പൊലീസ് നടത്തിയ പരിശോധനയിലാണ് ബൈക്കിൽ പണം കടത്തുകയായിരുന്ന പ്രതിയെ പിടികൂടിയത്.
ബൈക്കിൽ അനധികൃതമായി ഒമ്പത് ലക്ഷം രൂപ കടത്താൻ ശ്രമിച്ച ബങ്കരക്കുന്ന് സ്വദേശി മുഹമ്മദ് ഷാഫി, നയന്മാർമൂലയിലെ എം എ റഹ്മാൻ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. തുടർന്ന് നീലേശ്വരത്ത് സ്‌കൂട്ടറിൽ കുഴൽപ്പണം കടത്തിയ പുഞ്ചാവി സ്വദേശി ഇർഷാദിനെ പൊലീസ് പിടികൂടി. ഇയാളിൽ നിന്ന് 18 ലക്ഷം രൂപയുടെ കുഴൽപ്പണം പൊലീസ് കണ്ടെത്തിയിരുന്നു.
കരിപ്പൂര്‍ സ്വർണ്ണ വേട്ട: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഏകദേശം 2.5 കോടി രൂപ വിലമതിക്കുന്ന 4 കിലോഗ്രാം സ്വർണ്ണം എയർ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം പിടികൂടി. ജിദ്ദയിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചേർന്ന ഇൻഡിഗോ എയർലൈൻസിൻ്റെ 6E 66 എന്ന വിമാനത്തിന്‍റെ മൂന്ന് സീറ്റുകൾക്ക് അടിയിലായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കിലോഗ്രാം വീതം തൂക്കം വരുന്ന മൂന്ന് സ്വർണ്ണ ബിസ്‌ക്കറ്റുകളും, അബുദാബിയിൽ നിന്നും വന്ന എയർ ഇന്ത്യയുടെ IX348 എന്ന വിമാനത്തിലെ യാത്രക്കാരനായ കോഴിക്കോട് മടവൂർ സ്വദേശി പാമ്പുങ്ങൽ മുഹമ്മദ് ഫാറൂഖ് ശരീരത്തിനുള്ളിൽ മൂന്ന് ക്യാപ്സ്യൂൾ രൂപത്തിലുള്ള ഉറകളിലാക്കി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 811 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ മിശ്രിതവും, അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 164 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ മാലയുമാണ് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സെപ്‌റ്റംബര്‍ ആറിന് എയർ ഇന്‍റലിജൻസ് വിഭാഗം പിടികൂടിയത്.
ALSO READ: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 4 കിലോഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി