കാസര്‍കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായി കടലാസുപേനകൾ നിർമിക്കുന്ന തിരക്കിലാണ് ജില്ലാ ജയിലിലെ അന്തേവാസികള്‍. ഹൊസ്‌ദുര്‍ഗ് ജില്ലാ ജയിലിലെ അന്തേവാസികളാണ് കടലാസ് പേനകൾ ഒരുക്കുന്നത്. പ്ലാസ്റ്റികിനെ പൂര്‍ണമായും അകറ്റി നിര്‍ത്തുന്ന കലോത്സവത്തില്‍ എല്ലാം ഹരിത പെരുമാറ്റ ചട്ടം പാലിച്ചാണ്. എല്ലാം മാറിയാലും പേനയില്‍ മാറ്റമുണ്ടാകില്ലല്ലോ. ഈ ചിന്തയിലാണ് ഇവര്‍ കടലാസ് പേനകള്‍ സംഭാവന ചെയ്തത്. 3,000 പേനകളാണ് സംഘാടകര്‍ ജയിലധികൃതരോട് ആവശ്യപ്പെട്ടത്. ഫ്രീഡം പെന്‍ എന്ന പേരിലാണ് ജയിലില്‍ നിന്നും പേനകള്‍ പുറത്തെത്തുകയെന്ന് ജില്ലാ ജയില്‍ സൂപ്രണ്ട് കെ. വേണു പറഞ്ഞു.
നാടൊന്നാകെ കലോത്സവ സംഘാടനത്തില്‍ പങ്കു ചേരുമ്പോള്‍ തങ്ങളാല്‍ ആകും വിധം കലാമേളക്കായി കൈകോര്‍ക്കുകയാണ് ഇവരും. ഹരിത കേരള മിഷന്‍ അധികൃതരാണ് ജയില്‍ അന്തേവാസികള്‍ക്ക് പേന നിര്‍മാണത്തില്‍ പരിശീലനം നല്‍കിയത്. പേന നിര്‍മാണത്തില്‍ ഏര്‍പ്പെടുക വഴി ജയിലിനുള്ളില്‍ കഴിയുന്നതിന്റെ മാനസിക സംഘര്‍ഷങ്ങള്‍ക്ക് അയവ് വരുത്താന്‍ സാധിക്കുന്നുവെന്നും അധികൃതര്‍ പറയുന്നു. വിത്തുപേനകള്‍ ആവശ്യമുള്ളവര്‍ക്ക് അങ്ങനെയും നിര്‍മിച്ചു നല്‍കുന്നുണ്ട്. പുറമേ നിന്നും മാസികകള്‍ എത്തിച്ച് അതിന്റെ പേപ്പറുകളിലാണ് പേനകള്‍ ഉണ്ടാക്കുന്നത്. പ്രളയ സമയത്ത് വയനാട്ടിലെ കുട്ടികള്‍ക്കായി ജയിലില്‍ നിന്നും കടലാസു പേനകള്‍ എത്തിച്ചിരുന്നു. അടുത്ത് തന്നെ ജയിലില്‍ നിന്നുള്ള ഫ്രീഡം പേനകള്‍ വിപണിയിലെത്തിക്കാനാണ് തീരുമാനം.