കാസർകോട് : വ്യാജ രേഖ ചമച്ച് കാസർകോട് കെ എസ് എഫ് ഇയിൽ ( Fraud In KSFE By Forging Fake Documents) നിന്ന് യൂത്ത് കോൺഗ്രസ് നേതാവ് 70 ലക്ഷം രൂപ തട്ടിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യൂത്ത് കോൺഗ്രസ് (Youth Congress) ജില്ല ജനറൽ സെക്രട്ടറി ഇസ്‌മയിൽ ചിത്താരി നടത്തിയത് വൻ തട്ടിപ്പാണെന്നാണ് പൊലീസിന്‍റെ നിഗമനം. ഉപ്പള വില്ലേജിൽ മറ്റൊരാളുടെ പേരിലുണ്ടായിരുന്ന ഭൂമിയുടെ ആധാരവും മറ്റ് രേഖകളും വ്യാജമായി ചമച്ച് ഇസ്‌മയിൽ സ്വന്തം പേരിലാക്കിയെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.
രേഖകൾ പരിശോധിച്ചതിൽ കെഎസ്‌എഫ്‌ഇക്ക് ഗുരുതര വീഴ്‌ച : എന്നാൽ റവന്യൂ രജിസ്‌ട്രേഷനിൽ ഇത് കണ്ടെത്താൻ സാധിച്ചില്ല. ഇല്ലാത്ത വില്ലേജ് ഓഫിസർ സാക്ഷ്യപ്പെടുത്തിയതായി കാണിച്ച രേഖകൾ ഉപയോഗിച്ച് ഇസ്‌മയിൽ നാല് വർഷത്തോളം തട്ടിപ്പ് നടത്തി. ഭൂമി രജിസ്‌ട്രേഷനിലുൾപ്പടെ നടന്ന ക്രമക്കേട് പൊലീസിന്‍റെ അന്വേഷണ പരിധിയിലാണ്. രേഖകളിൽ മതിയായ പരിശോധന നടത്താത്തത് കെ എസ് എഫ് ഇയുടെ ഗുരുതര വീഴ്‌ച്ചയായാണ് കരുതുന്നത്.
പ്ലോട്ട് വെരിഫിക്കേഷനിലും രേഖകളുടെ പരിശോധനയിലും തിരിച്ചറിയാത്ത തട്ടിപ്പ് കണ്ടെത്തിയത് ഒരു രൂപ പോലും തിരിച്ചടവ് ഇല്ലാതെ വന്നതോടെ മാത്രമാണ്. വായ്‌പ നൽകിയപ്പോൾ ചുമതലയിലുണ്ടായിരുന്ന ശാഖ മാനേജറുടെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചതാണ് കെ എസ് എഫ് ഇ ഇതിൽ സ്വീകരിച്ച ആകെ നടപടി. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്ക് ഉണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
തട്ടിയെടുത്തത് 70 ലക്ഷത്തോളം രൂപ : കെ എസ് എഫ് ഇ മാലക്കല്ല് ശാഖയില്‍ (KSFE Malakkallu Branch Fraud Case) വ്യാജ ആധാരങ്ങള്‍ ഹാജരാക്കി 70 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ് . ശാഖ മാനേജര്‍ കെ ദിവ്യയുടെ പരാതിയിലാണ് ഇസ്‌മയിലിനെ അറസ്റ്റ് ചെയ്‌തത്. ഇസ്‌മയിലും സ്‌ത്രീകളടങ്ങിയ എട്ട് അംഗ സംഘവും 2019 ഒക്‌ടോബര്‍ 30നാണ് മാലക്കല്ല് ശാഖയില്‍ വ്യാജ ആധാരങ്ങള്‍ ഹാജരാക്കി വിവിധ ചിട്ടികളില്‍ നിന്നായി 70 ലക്ഷത്തോളം രൂപ എടുത്തത്.
തിരിച്ചടവ് മുടങ്ങിയതോടെ നടത്തിയ അന്വേഷണത്തില്‍ വ്യാജരേഖകളാണെന്ന് ബോധ്യപ്പെടുകയുമായിരുന്നു. ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യത്തിനായി ഇസ്‌മയിൽ ശ്രമിച്ചെങ്കിലും പൊലീസില്‍ കീഴടങ്ങാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.