കാസർകോട്: മുസ്ലീം ലീഗ് നേതാക്കളായ പാറക്കല്‍ അബ്‌ദുല്ല എം.എല്‍.എയും പി.കെ കുഞ്ഞാലിക്കുട്ടിയും വഞ്ചിച്ചതായി ലീഗ് മൂൻ നേതാവ്. അറബിക് മുന്‍ഷി അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റും മഞ്ചേശ്വരം യൂത്ത്‌ലീഗ് മുൻ ജനറല്‍ സെക്രട്ടറിയുമായിരുന്ന കണ്ണൂര്‍ അബ്‌ദുല്ലയാണ് മുസ്ലീം ലീഗ് നേതാക്കൾക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
പാറക്കല്‍ അബ്‌ദുല്ലയുടെ സഹോദരന്‍റെ മക്കളായ വടകര കുന്നുമ്മക്കര തൊടിയില്‍ ഹൗസില്‍ സിറാജ്, മാഹി അഴിയൂരിലെ ഫസല്‍ റഹ്‌മാൻ എന്നിവര്‍ അബ്‌ദുല്ലയുടെ മകന്‍ മുഹമ്മദ് ഇര്‍ഷാദില്‍ നിന്ന് ഒരു കോടി പതിനെട്ട് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണമുയര്‍ന്നിരിക്കുന്നത്.
2012ൽ ഖത്തറില്‍ ഒരു ബസിനസ് സ്ഥാപനത്തിന്‍റെ പേരിലായിരുന്നു തട്ടിപ്പ്. ഇര്‍ഷാദ് സഹപ്രവര്‍ത്തകരില്‍ നിന്നും ബന്ധുക്കളില്‍നിന്നും സമാഹരിച്ചു നല്‍കിയ പണം തിരിച്ചുകിട്ടാതെ വന്നപ്പോള്‍ പലതവണ പാണക്കാട് ബന്ധപ്പെടുകയും മുസ്ലിംലീഗ് നേതാക്കളെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഏഴ് വർഷം ലീഗ് നേതാക്കളുടെ പിന്നാലെ നടന്നു ഫലമില്ലാതെ വന്നപ്പോള്‍ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ എം.സി ഖമറുദ്ദീനെതിരെ മല്‍സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നുവെന്നും അപ്പോഴാണ് പി.കെ കുഞ്ഞാലിക്കുട്ടി തന്നെ വിളിച്ചുവരുത്തി ചര്‍ച്ചക്ക് തയ്യാറായതെന്നും കണ്ണൂര്‍ അബ്‌ദുല്ല വ്യക്തമാക്കി. കുഞ്ഞാലിക്കുട്ടി നല്‍കിയ ഉറപ്പില്‍ മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചിട്ടും ഫലമുണ്ടായില്ലെന്നും വാക്കിന് ഉറപ്പില്ലാത്ത സമീപനമാണ് കുഞ്ഞാലിക്കുട്ടി തന്നോട് കാണിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
ഉപതിരഞ്ഞെടുപ്പിന് ശേഷം പല തവണ നേരിട്ട് വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്നും ഫോണില്‍ വിളിക്കുമ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ കൂടെയുള്ളവര്‍ ഇപ്പോള്‍ ഭീഷണി മുഴക്കുകയാണെന്നും അദ്ദേഹത്തിന്‍റെ മകൻ ഇർഷാദ് അറിയിച്ചു.