കാസർകോട്: മത്സ്യബന്ധനത്തിനായി മംഗലാപുരത്ത് നിന്നും പുറപ്പെട്ട സംഘത്തിലെ ഒരാൾ മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി ചാർലി (45) ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയെന്നാണ് സംശയം. എട്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് പേരുടെ നില ഗുരുതരമാണ്. നവംബർ അഞ്ചിന് മംഗലാപുരം മൽപ്പെയിൽ നിന്നുമാണ് പത്തംഗ സംഘം മത്സ്യ ബന്ധനത്തിന് പുറപ്പെട്ടത്. ബോട്ടിൽ വെച്ച് ഭക്ഷണം പാകം ചെയ്ത് കഴിച്ചത് മുതൽ മത്സ്യ തൊഴിലാളികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടിരുന്നു. ഇവരിൽ ഒരാളെ മറ്റൊരു ബോട്ടിൽ കരയിലേക്കയച്ച് ബാക്കിയുള്ളവർ മത്സ്യ ബന്ധനം തുടരുകയായിരുന്നു. ഇവരിൽ നാല് പേർക്ക് കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. കോസ്റ്റൽ പൊലീസിനെ ബന്ധപ്പെട്ടതിന് ശേഷമാണ് മത്സ്യ ബന്ധന ബോട്ട് കരയടുത്തത്. പക്ഷേ അപ്പോഴേക്കും ചാർലി മരണപ്പെട്ടിരുന്നു.
ബോട്ടിലെ ആവശ്യങ്ങൾക്കായി മൽപ്പെയിൽ നിന്നും ശേഖരിച്ച വെള്ളത്തിൽ വിഷാംശം കലർന്നിരുന്നോ എന്ന സംശയം ഉള്ളതിനാൽ വെള്ളം പരിശോധനയ്ക്കയച്ചു. മത്സ്യതൊഴിലാളികൾ കര പറ്റാനാകാതെ നടുക്കടലിൽ അഞ്ച് നോട്ടിക്കൽ മൈൽ അകലെ ആയിരുന്നുവെന്ന് സാഗർ കവച് പരിശോധനക്ക് പോയ കോസ്റ്റൽ പൊലീസ് സി.ഐ സിബി തോമസ് പറഞ്ഞു. ബോട്ട് കരക്കെത്തുമ്പോൾ മത്സ്യത്തൊഴിലാളികൾ അവശരായിരുന്നു. മരണപ്പെട്ട ചാർലിയുടെ മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അഞ്ച് തെങ്ങ് സ്വദേശികളായ തദേയൂസ്, അരോഖ്, ഗിൽബർട്ട് എന്നിവരാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. സംഘത്തിലെ രണ്ട് പേർ തമിഴ്നാട്ടുകാരാണ്.