കാസര്‍കോട് : തലക്ലായിയിൽ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അഞ്ജുശ്രീ പാർവതി (19) മരിച്ചത് സെപ്റ്റിസീമിയ വിത്ത് മൾട്ടിപ്പിൾ ഓർഗൻസ് ഡിസ്‌ഫങ്‌ഷൻ സിൻഡ്രോം മൂലമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ആരോഗ്യ വകുപ്പ് ഡയറക്‌ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി. കൂടുതൽ വിവരങ്ങൾ വ്യക്തമാകുന്നതിന് വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കേണ്ടതുണ്ടെന്നും ജില്ല മെഡിക്കൽ ഓഫിസർ ഡോ. എംവി രാംദാസ് അറിയിച്ചു.
മൂന്നുപേർ അറസ്റ്റില്‍ : അഞ്ജുശ്രീയുടെ മരണത്തിന് പിന്നാലെ ഹോട്ടൽ ഉടമ അടക്കം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഹോട്ടൽ ഉടമയും രണ്ട് പാചകക്കാരുമാണിത്. ഇതിൽ ഒരാൾ ഇതര സംസ്ഥാന തൊഴിലാളിയാണ്. അഞ്ജുശ്രീയുടെ കുടുംബം മേൽപ്പറമ്പ് പൊലീസിന് നൽകിയ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തതിനെ തുടർന്നാണ് മൂന്നുപേരെയും കസ്റ്റഡിയിൽ എടുത്തത്.
അൽ റൊമൻസിയ പൂട്ടി : ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്‌തതിന് പിന്നാലെ ഹോട്ടൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ അടച്ചുപൂട്ടി സീൽ ചെയ്‌തിട്ടുണ്ട്. കാസര്‍കോട് അടക്കത്ത്ബയലിലെ അൽ റൊമൻസിയ ഫാമിലി റെസ്റ്റോറന്‍റ് ആണ് അടച്ചുപൂട്ടിയത്. ഇവിടെ നിന്നും ഭക്ഷണ സാധനങ്ങളുടെ സാമ്പിളുകളും പരിശോധനയ്‌ക്ക് എടുത്തിട്ടുണ്ട്. ഫ്രീസറിൽ നിന്ന് അശാസ്ത്രീയമായ രീതിയിൽ സൂക്ഷിച്ച മാംസം കണ്ടെത്തിയിട്ടുണ്ട്.
ഭക്ഷണം ഓൺലൈനായി വരുത്തി : മംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർഥിയായ അഞ്ജുശ്രീ ക്രിസ്‌മസ്- പുതുവത്സര അവധിക്ക് നാട്ടിലെത്തിയതായിരുന്നു. തുടർന്ന് അഞ്ജുശ്രീയും വീട്ടിലുണ്ടായിരുന്ന അമ്മയും അനുജനും ബന്ധുവായ പെണ്‍കുട്ടിയും കൂടി ജനുവരി ഒന്നിന് കുഴിമന്തി, മയോണൈസ്, ഗ്രീൻ ചട്‌ണി, ചിക്കൻ 65, എന്നിവ ഓണ്‍ലൈനായി ബുക്ക് ചെയ്‌ത് വരുത്തി കഴിച്ചു. ഇവരില്‍ അഞ്ജുശ്രീയും ബന്ധുവായ പെണ്‍കുട്ടിയും മാത്രമാണ് ഭക്ഷണത്തിനൊപ്പമുണ്ടായിരുന്ന ഗ്രീന്‍ ചട്‌ണി കഴിച്ചത്.
പിറ്റേദിവസം രാവിലെ ഇരുവർക്കും ഛര്‍ദിയും ക്ഷീണവുമുണ്ടായി. തുടര്‍ന്ന് കാസര്‍കോട് ദേളിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ കാണിക്കുകയും പ്രാഥമിക ചികിത്സ നല്‍കി വീട്ടിലേക്ക് മടങ്ങുകയും ചെയ്‌തു. എന്നാൽ ജനുവരി അഞ്ചിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് വീണ്ടും ഇതേ ആശുപത്രിയില്‍ കാണിക്കുകയും രക്തം പരിശോധിക്കുകയും ഐവി ഫ്‌ളൂയിഡ് ആന്‍റി ബയോട്ടിക് ഉള്‍പ്പടെയുള്ള ചികിത്സ നല്‍കി വീട്ടിലേക്ക് മടക്കുകയുമായിരുന്നു.
ജനുവരി ആറിന് അഞ്ജുശ്രീയുടെ സ്ഥിതി കൂടുതല്‍ ഗുരുതരമായതിനെ തുടര്‍ന്ന് അന്ന് തന്നെ കുട്ടിയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാൽ ജനുവരി ഏഴിന് മരണപ്പെടുകയായിരുന്നു.