കാസർകോട്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പിനിരയായവർ പ്രത്യക്ഷ സമരത്തിന്. കേസിലെ വിചാരണക്കായി കാസർകോട് പ്രത്യേക കോടതി സ്ഥാപിക്കണമെന്നും മാനേജിങ് ഡയറക്‌ടർ പൂക്കോയതങ്ങൾ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യണമെന്നും എല്ലാ ഡയറക്ടർമാരുടെയും സമ്പാദ്യങ്ങൾ കണ്ടു കെട്ടണമെന്നും നിക്ഷേപകർ ആവശ്യപ്പെടുന്നുണ്ട്.
ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിൽ ചെയർമാൻ എം സി ഖമറുദ്ദീന്‍ എംഎൽഎയെ അറസ്റ്റ് ചെയ്‌ത് മൂന്നാഴ്‌ച പിന്നിടുമ്പോഴും എംഡി ഉൾപ്പെടെയുള്ള മറ്റു ഡയറക്‌ടർമാരെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നിലപാടിലാണ് നിക്ഷേപകരുടെ പ്രതിഷേധം. രാഷ്ട്രീയ സ്വാധീനവും സാമുദായിക സ്വാധീനവും ഉപയോഗിച്ച് നിക്ഷേപം സമാഹരിച് കോടികൾ തട്ടിയ കേസിൽ 123 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടും എംഎൽഎയുടെ അറസ്റ്റിനപ്പുറം കൂടുതൽ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. പലവട്ടം ചോദ്യംചെയ്യാൻ വിളിപ്പിച്ച മാനേജിങ് ഡയറക്‌ടർ പൂക്കോയ തങ്ങൾ ഉൾപ്പെടെ ഒളിവിൽ കഴിയുമ്പോൾ നീതി അന്യമാകുമോ എന്ന ആശങ്കയാണ് നിക്ഷേപകർക്ക്. കോടികളുടെ തട്ടിപ്പ് നടത്തിയ ആളുകളെ കേരള പോലീസ് വിചാരിച്ചാൽ അറസ്റ്റ് ചെയ്യാൻ കഴിയുമെന്നും എന്നാൽ അന്വേഷണ സംഘം അറസ്റ്റ് നടപടിയിലേക്ക് കടക്കുന്നില്ലെന്നും നിക്ഷേപകർ ആരോപിക്കുന്നു.
ഫാഷൻ ഗോൾഡ് എംഡി ഉൾപ്പെടെയുള്ളവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിക്ഷേപകർ കാസർകോട് ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ എം സി ഖമറുദ്ദീന്‍ എംഎൽഎയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. കണ്ണൂർ ജില്ലയിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളുടെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം കണ്ണൂർ സെൻട്രൽ ജയിലിലെത്തി എംഎൽഎയുടെ മൊഴിയെടുത്തിരുന്നു.