കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്(fashion gold investment scam) കേസിൽ കമ്പനിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി സർക്കാർ ഉത്തരവ്. കമ്പനിയുടെ എംഡി പൂക്കോയ തങ്ങൾ(pookoya thangal), ചെയർമാൻ എം സി കമറുദ്ദിൻ(M C Kamarudeen) തുടങ്ങിയവരുടെ പേരിലുള്ള സ്വത്തു വകകളാണ് കണ്ടു കെട്ടിയത്. അനിയന്ത്രിത നിക്ഷേപ പദ്ധതി നിരോധന നിയമ പ്രകാരം കോംപീറ്റന്‍റ് അതോറിറ്റിയായ സംസ്ഥാന ഫിനാൻസ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.
ക്രൈം ബ്രാഞ്ച്(crime branch) എസ്‌പി പി.പി സദാനന്ദന്‍റെ റിപ്പോർട്ടിൻ മേലാണ് നടപടി. ചെയർമാൻ എം സി കമറുദ്ദീൻ എംഡി പൂക്കോയ തങ്ങൾ എന്നിവരുടെ പേരിൽ പയ്യന്നൂർ ടൗണിൽ സ്ഥിതി ചെയ്യുന്നതും പയ്യന്നൂർ മുനിസിപ്പാലിറ്റി വാർഡ് നമ്പർ 21ൽ കെട്ടിട നമ്പർ 26812 B, B2, B3, B5 എന്നീ മുറികളടങ്ങിയ ഫാഷൻ ഓർണമെൻസ് ജ്വല്ലറി കെട്ടിടം, ബെംഗളൂരു സിലികുണ്ട വില്ലേജിൽ പൂക്കോയ തങ്ങളുടെ പേരിൽ വാങ്ങിയ സർവേ നമ്പർ 167ൽ ഉൾപ്പെട്ട ഒരു ഏക്കർ ഭൂമി, ഖമർ ഫാഷൻ ഗോൾഡ് ജ്വല്ലറിക്കു വേണ്ടി എം സി കമറുദ്ദീന്‍റെയും പൂക്കോയ തങ്ങളുടെയും പേരിൽ കാസർകോട് ടൗണിൽ വാങ്ങിയ ഭൂമി.
ടി കെ പൂക്കോയ തങ്ങളുടെ പേരിലുളള ഹോസ്‌ദുർഗ് താലൂക്കിലെ മാണിയാട്ട് എന്ന സ്ഥലത്തുളള സർവെ നമ്പർ 691ൽ വരുന്ന 17.29 സെന്‍റ് പരമ്പരാഗതമായി കിട്ടിയ സ്ഥലം, എം സി കമറുദ്ദീന്‍റെ പേരിലുള്ള ഉദിനൂർ വില്ലേജിലുളള റീ സർവെ നമ്പർ 391ൽ വരുന്ന 17 സെന്‍റ് പരമ്പരാഗതമായി കിട്ടിയ സ്ഥലം, എം സി കമറുദ്ദീന്‍റെ ഭാര്യയുടെ പേരിലുളള ഉദിനൂർ വില്ലേജിലുളള റീ സർവെ നമ്പർ 43ൽ വരുന്ന 23 സെന്‍റ് പരമ്പരാഗതമായി കിട്ടിയ സ്ഥലം എന്നിവയാണ് കണ്ടു കെട്ടിയത്.
അതേസമയം ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം ഉടൻ സമർപ്പിക്കും. പ്രത്യേക ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്ന 24 കേസുകളിലാണ് ആദ്യം കുറ്റപത്രം നൽകുക. നിക്ഷേപ തട്ടിപ്പിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലായി 168 കേസുകളാണുള്ളത്.
മുൻ എംഎൽഎയും കമ്പനി ചെയർമാനുമായ എം സി കമറുദ്ദീൻ, മാനേജിങ് ഡയറക്‌ടർ പൂക്കോയ തങ്ങൾ ഉൾപ്പെടെ നാല് പ്രതികളെ നേരത്തെ ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തിരുന്നു. അവശേഷിക്കുന്ന 17 ഡയറക്‌ടർമാരെ കൂടി പ്രതി ചേർത്ത് അന്വേഷണ സംഘം കോടതിയിൽ ഇടക്കാല റിപ്പോർട്ടും സമർപ്പിച്ചു. കണ്ണൂരിലെ റീജിയണൽ ഫോറൻസിക് ലാബിൽ ഡിജിറ്റൽ തെളിവുകളുടെ പരിശോധന പൂർത്തിയായ 24 കേസുകളിലായിരിക്കും ആദ്യം കുറ്റപത്രം സമർപ്പിക്കുക. 130 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്ന കേസിൽ രണ്ടര വർഷത്തിന് ശേഷമാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നത്.