കാസർകോട്: കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്ന് കാസർകോട്ടെ കരിന്തളം വരെയുള്ള വൈദ്യുതി ലൈൻ പദ്ധതിക്കെതിരെ കർഷകർ. മലയോര മേഖലയിലെ വൈദ്യുതി ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിൽ പദ്ധതിയുടെ ഭാഗമായി നശിപ്പിക്കുന്ന വിളകള്‍ക്ക് കൃത്യമായ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചിട്ടില്ലെന്ന് കർഷകർ ആരോപിക്കുന്നു. ജില്ലയിൽ 43 കിലോമീറ്റർ ദൂരത്തിലാണ് 400 കെവി വൈദ്യുത ലൈൻ കടന്നുപോകുന്നത്.
കോടോം-ബേളൂര്‍, കരിന്തളം, കുറ്റിക്കോല്‍ പഞ്ചായത്തുകളിൽ വൈദ്യുതി ലൈൻ കടന്നുപോകുന്നതിന് താഴെ ഏക്കറ് കണക്കിന് കൃഷിയിടങ്ങൾ നശിക്കുമെന്ന് കർഷകർ പറയുന്നു. എന്നാൽ നശിക്കുന്ന വിളകള്‍ക്ക് മാന്യമായ നഷ്‌ടപരിഹാരം വേണമെന്ന ആവശ്യം പരിഗണിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി.
പദ്ധതിയുടെ ഭാഗമായി കൂറ്റന്‍ ടവറുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. വൈദ്യുത ലൈന്‍ കടന്നുപോകുന്നതിന് താഴെയുള്ള മരങ്ങള്‍ മുറിച്ചു മാറ്റാനുള്ള നടപടികളും ആരംഭിച്ചു. എന്നാൽ മതിയായ നഷ്‌ടപരിഹാരം നല്‍കാതെ മരങ്ങള്‍ മുറിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.
ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി കർഷകർ രംഗത്തെത്തി. പ്രതിഷേധത്തിന്‍റെ ഭാഗമായി കലക്‌ടറേറ്റ് മാർച്ചും നടത്തി. ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ പദ്ധതിയുമായി മുന്നോട്ടുപോയാൽ പ്രതിഷേധം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.