കാസർകോട് : തെങ്ങും കവുങ്ങും കുരുമുളകും പച്ചക്കറിയും നെല്ലും പശുവുമായി 15 ഏക്കറിൽ സ്വർഗ്ഗ തുല്യമായ ഭൂമി (Farmer Shankaranarayana Bhatt's Land Equal To Heaven). അവിടെ എഴുപതുകാരനായ കൃഷിക്കാരൻ സദാ സമയവും ജോലിയിൽ മുഴുകിയിരിക്കുന്നു. കാസർകോട് ബദിയടുക്കയിലാണ് ഈ മനോഹര കാഴ്‌ച. പെരുമുണ്ടയിലെ ശങ്കരനാരായണ ഭട്ടിന് കൃഷിയാണ് എല്ലാം. സൂര്യനുദിച്ച് അസ്‌തമിക്കും വരെ കൃഷിയിടത്തിൽ സജീവമാണ് ഇദ്ദേഹം.
ഇരുപതോളം പശുക്കളും പത്തു കിടാരികളും ഉണ്ട്. ലിറ്ററു കണക്കിന് പാല് കിട്ടുമെങ്കിലും വില്‌പനയില്ല. വീട്ടാവിശ്യം കഴിഞ്ഞാൽ കിടാരികൾക്ക് വയറു നിറയെ കുടിക്കാം. അറുപതു വർഷത്തിലധികം പഴക്കമുള്ള പുതു തലമുറ കാണാത്ത വിധത്തിലുള്ള തൊഴുത്താണ് ഇവിടെയുള്ളത്. 1980ൽ മൈസൂരു സർവകലാശാലയിൽനിന്നും ഇക്കണോമിക്‌സിൽ ഗോൾഡ് മെഡലോടെ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയതാണ്
ശങ്കരനാരായണ ഭട്ട്. എന്നാൽ മറ്റു ജോലികൾ തേടി പോകാതെ അച്ഛനൊപ്പം കൃഷിയിടത്തിലേക്ക് തിരിഞ്ഞു. തൊട്ടതെല്ലാം പൊന്നായതോടെ അന്നു മുതലിങ്ങോട്ട് കൃഷി തന്നെയാണ് ഭട്ടിന്‍റെ ജീവിതം.
അമ്പതു വർഷം മുമ്പുള്ള ഡീസൽ ജനറേറ്ററും നെല്ല് കുത്തുന്ന യന്ത്രവും വലിയ പത്തായ പുരയും സാധനങ്ങളുടെ അളവ് നോക്കുന്ന ത്രാസുമെല്ലാം പഴമയുടെ നേർ കാഴ്‌ചയായി ഇവിടെയുണ്ട്. കവുങ്ങിനും തെങ്ങിനും നെല്ലിനും പുറമെ ഇടവിളയായി വാഴയുമുണ്ട്. വർഷംതോറും അഞ്ച് ക്വിന്‍റല്‍ കുരുമുളക് ലഭിക്കും. ഇവയും അടക്കയും തേങ്ങയും വിൽക്കും. രണ്ടുവിള നെൽകൃഷിയിറക്കും. ചാണകം മാത്രമാണ് വളമായി ഉപയോഗിക്കുന്നത്. വീട്ടാവശ്യം കഴിഞ്ഞുള്ള അരി മറ്റുള്ളവർക്ക് വിൽക്കും. ഇവിടെ നിന്നും ലഭിക്കുന്ന കുത്തരിക്ക് വലിയ ഡിമാൻഡ് ആണ്.
ഭക്ഷണാവശ്യത്തിന് ഇന്നുവരെ പുറമെ നിന്നും ഒരു സാധനവും വാങ്ങിയിട്ടില്ലെന്നും അതുകൊണ്ട് തന്നെ കൊവിഡ് കാലത്ത് പോലും ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും ഭട്ട് പറയുന്നു. മുമ്പ് കൃഷിയിടങ്ങളിലേക്ക് പോകാൻ ഏറെ ദൂരം ചുറ്റി സഞ്ചരിക്കേണ്ടതിനാൽ എളുപ്പമെത്താനായി ചെറിയ കുന്നിനെ തുരന്ന് വഴിയുണ്ടാക്കി വാർത്തകളിൽ ഇടംപിടിച്ചയാളാണ് ശങ്കരനാരായണ ഭട്ട്.
1955 ൽ താമസം തുടങ്ങിയ വീട്ടിൽ ഭട്ടിന് കൂട്ടായി ഭാര്യ പാർവതി മാത്രമാണുള്ളത്. മക്കളായ അഞ്‌ജന ഉപ്പിനങ്ങാടിയിൽ ദന്ത ഡോക്‌ടറായും അഭിരാം ബെംഗളൂരുവിൽ ചാർട്ടേഡ് അക്കൗണ്ടന്‍റായും ജോലി ചെയ്യുന്നു. കൃഷിയിലൂടെ ലഭിക്കുന്ന സംതൃപ്‌തി മറ്റൊന്നിനും ലഭിക്കില്ലെന്നാണ് ശങ്കരനാരായണ ഭട്ടിന്‍റെ പക്ഷം.
ഇത്തരത്തില്‍ മണ്ണിനെ തൊട്ടറിഞ്ഞവര്‍ ചുരുക്കമാണ്. പലരും ജോലികള്‍ അന്വേഷിച്ച് വിദേശത്തേക്ക് ചേക്കേറുമ്പോള്‍ കടൽ കടന്ന് കണ്ണൂരിലെത്തി കേരളത്തിന്‍റെ മണ്ണിൽ കൃഷി ചെയ്യുന്ന റഷ്യന്‍ യുവ ദമ്പതികൾ ഇതുപോലെ മാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരുന്നു. വാഴപ്പോളയിൽ മണ്ണും വളവും നിറച്ച് വെണ്ടയും, പയറും നട്ടുവളർത്തുന്ന രീതിയൊക്കെ വലിയ താത്‌പര്യത്തോടെയാണ് ഇവർ പഠിച്ചെടുത്തത്. കാർഷിക മേഖല മാത്രമല്ലാതെ, തേനീച്ച വളർത്തലും ദമ്പതികൾ പരിശീലിച്ചിരുന്നു.