കാസർകോട്: നല്ല മണ്ണ്, ഇഷ്‌ടം പോലെ വെള്ളം. എന്തു നട്ടാലും പൊന്നു വിളയുന്ന നാട്. അതായിരുന്നു കർഷകർക്ക് ചൂരലടി. എന്നാൽ വർഷങ്ങൾക്കിപ്പുറം ചൂരലടി എന്നു കേട്ടാൽ കർഷകരുടെ കണ്ണിൽ ഭീതി തെളിയുന്നതു കാണാം.
കാട്ടാന ഭീതിയില്‍ ഒരു നാട്
കാട്ടാനകളെ പേടിച്ച് ഏഴ് കുടുംബങ്ങൾ പലായനം ചെയ്‌തതോടെ അനാഥമാണ് ഇപ്പോൾ ഈ ഗ്രാമം. വീടുകളുടെ സ്ഥാനത്ത് ഇടിഞ്ഞു പൊളിഞ്ഞ ചുമരുകളും തറകളും മാത്രമാണ് അവശേഷിക്കുന്നത്. ദേലംപാടി പഞ്ചായത്തിൽ പാണ്ടിയിൽ നിന്നു 3 കിലോമീറ്റർ അകലെയാണ് വനങ്ങളാൽ ചുറ്റപ്പെട്ട ചൂരലടി. ഏഴു കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്.
തെങ്ങും കവുങ്ങും വാഴയും റബറും നട്ടുപിടിപ്പിച്ച് വളർത്തിയെടുത്താണ് ഇവിടെ ഉണ്ടായിരുന്ന കുടുംബങ്ങള്‍ വരുമാനം കണ്ടെത്തിയത്. ഇടയ്ക്കിടെ പന്നിയും കുരങ്ങും കർഷകരെ ശല്യപെടുത്തിയെങ്കിലും കാട്ടാനകളുടെ ഉപദ്രവം കൂടുതൽ ഉണ്ടായില്ല. എന്നാൽ 2000 ത്തിന്‍റെ തുടക്കത്തിൽ കർഷകരുടെ ഉറക്കം നഷ്‌ടപ്പെടുത്തിക്കൊണ്ട് ആനക്കൂട്ടം ആദ്യമായി ചൂരലടിയിൽ എത്തി.
പിന്നീടങ്ങോട്ട് ചൂരലടിയിൽ ഭീതിയുടെ നാളുകളായിരുന്നു. രാത്രിയിൽ മാത്രമല്ല പകൽ സമയത്തു പോലും കാട്ടാനകൾ കൂട്ടമായെത്തി. കാട്ടാനകളുടെ ഭീതി കാരണം കുട്ടികൾ പോലും പുറത്തിറങ്ങാൻ മടിച്ചതോടെ വയോധികനായ അന്തുഞ്ഞി വീടും കൃഷിയും വിട്ട് കണ്ണീരോടെ ആദ്യമായി കാടിറങ്ങി.
പിന്നീട് തീരെ സഹിക്കാൻ കഴിയാതായതോടെ ബാക്കിയുള്ള അഞ്ച് കുടുംബവും വീടുവിട്ട് ഇറങ്ങി. സങ്കടത്തിലും സന്തോഷത്തിലും കൂടെ നിന്ന മറ്റു കുടുംബങ്ങൾ പോയെങ്കിലും മുഹമ്മദ് കുഞ്ഞിയും കുടുംബവും കാട്ടാനകളുടെ ശല്യം സഹിച്ചും പിടിച്ചു നിന്നു. കാരണം കാട്ടിലെ വന്യ ജീവികളോട് പൊരുതി രാവും പകലും അധ്വാനിച്ചുണ്ടാക്കിയ കൃഷി വിട്ടുപോകാൻ മുഹമ്മദ് കുഞ്ഞിക്ക് കഴിയുമായിരുന്നില്ല.
എന്നാൽ കാട്ടാനശല്യം അതി രൂക്ഷമായതോടെ പത്തു വർഷം മുന്‍പ് മുഹമ്മദ് കുഞ്ഞിക്കും ജീവനും കൊണ്ടു കാടിറങ്ങേണ്ടി വന്നു. അന്ന് കാട്ടാനയുടെ ആക്രമണത്തിൽ നിന്നും ജീവനും കൊണ്ട് ഓടിയത് മുഹമ്മദ് കുഞ്ഞി ഓർക്കുന്നു. പലതവണ മുഹമ്മദ് കുഞ്ഞിയും മക്കളും കാട്ടാനയുടെ മുന്നിൽ പെട്ടിട്ടുണ്ട്. ഇപ്പോൾ പാണ്ടിയിലാണ് മുഹമ്മദ് കുഞ്ഞി താമസിക്കുന്നുന്നത്. മറ്റുള്ള കുടുംബങ്ങൾ പലവഴിക്കായി. ചിലർ ഇപ്പോഴും വാടക വീട്ടിലാണ് താമസം.
കലി തീരാതെ കാട്ടാനകള്‍
എല്ലാവരും പോയതോടെ ചൂരലടി കാട്ടാനകളുടെ താവളമായി. കുടുംബങ്ങൾ വിട്ടുപോയെങ്കിലും കാട്ടാനകളുടെ കലി തീർന്നില്ല. ചൂരലടിയിൽ കർഷകർ നാട്ടുനനച്ച് ഉണ്ടാക്കിയതെല്ലാം കാട്ടാനകള്‍ നശിപ്പിക്കാൻ തുടങ്ങി.
നൂറുകണക്കിന് കവുങ്ങുകളും തെങ്ങുകളും പിഴുതെറിഞ്ഞു. വാഴത്തോട്ടങ്ങൾ ചവിട്ടി മെതിച്ചു. റബ്ബർ മരങ്ങളും നശിപ്പിക്കാൻ തുടങ്ങി. പുലിപ്പറമ്പിലെ സൗരോർജ വേലി പൊട്ടിച്ചാൽ ആനക്കൂട്ടം ആദ്യം എത്തുന്നത് 3 കിലോമീറ്റർ അടുത്തുള്ള ചൂരലടിയിലേക്കാണ്. പുലിപ്പറമ്പിൽ നിന്നു വനത്തിലൂടെ തന്നെ ഇവിടെയെത്താൻ കഴിയും.
തുടക്കത്തിൽ വർഷത്തിൽ മൂന്നോ നാലോ തവണയായിരുന്നെങ്കിൽ ഇപ്പോൾ ഇത് പതിവായി. ചൂരലടി, പാണ്ടി തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിൽ എത്തുന്ന കാട്ടാനകളെ തുരത്താൻ പാടുപെടുകയാണ് ഫോറസ്‌റ്റ് അധികൃതരും നാട്ടുകാരും.
ചൂരലടിയുടെ തൊട്ടടുത്ത ഗ്രാമമായ പാണ്ടിയിലും കാട്ടാന കൂട്ടം എത്താറുണ്ട്. നിരവധി കുടുബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കൂട്ടമായെത്തുന്ന കാട്ടാനകളെ പടക്കം പൊട്ടിച്ച് ശബ്‌ദമുണ്ടാക്കിയാണ് കാടുകയറ്റുന്നത്.
പാണ്ടിയിലും ചൂരലടിയിലും കഴിഞ്ഞ ദിവസവും കാട്ടാനക്കൂട്ടം എത്തി വ്യാപകമായി കൃഷിനാശമുണ്ടാക്കി. ഇതിൽ ഭൂരിഭാഗവും മുഹമ്മദ് കുഞ്ഞിയുടേതാണ്. കവുങ്ങിൻ തോട്ടം പൂർണ്ണമായും നശിപ്പിക്കപ്പെട്ടു. മുഹമ്മദ് കുഞ്ഞിയും മകൻ അബ്‌ദുല്ലയുമാണ് ഇപ്പോൾ തോട്ടം നടത്തുന്നത്.
നടപടി സ്വീകരിക്കാതെ ഫോറസ്‌റ്റ് അധികൃതർ
ആദ്യം തെങ്ങും കവുങ്ങും ആണെങ്കിൽ ഇപ്പോൾ റബ്ബർ പോലും ആനകൾ വെറുതെ വിടില്ലെന്ന് അബുല്ല പറയുന്നു. ഫോറസ്‌റ്റ് അധികൃതർ വേണ്ട നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം രാത്രി ജനങ്ങൾ പാണ്ടിയിലെ ഫോറസ്‌റ്റ് ഓഫീസ് ഉപരോധിക്കുകയും ചെയ്തു.
ആനയെ തുരത്താനുള്ള പടക്കം പോലും തങ്ങൾ ഫോറസ്‌റ്റുകാർക്ക് മേടിച്ചു കൊടുക്കേണ്ട അവസ്ഥയാണെന്ന് പ്രദേശവാസികൾ പറയുന്നു. റീബിൽഡ് കേരള പദ്ധതിയിൽ 30 ലക്ഷം രൂപയ്ക്ക് സ്ഥലം വിട്ടുകൊടുക്കാൻ ഇവർ വനംവകുപ്പിനു സമ്മതപത്രം നൽകിയിരുന്നു. എന്നാൽ ഇപ്പോൾ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് തുക കുറയ്ക്കുകയാണെന്ന് സ്ഥലം വിട്ടുകൊടുത്തവർ പറയുന്നു.
ALSO READ: നിർമാണത്തിലിരുന്ന വീട് തകർന്ന് വീണു, 9 തൊഴിലാളികളെ രക്ഷപ്പെടുത്തി
ഒരു ഹെക്‌ടറിന് 15 ലക്ഷം എന്ന രീതിയിൽ മാത്രമേ ഇനി ഇവർക്കു ലഭിക്കുകയുള്ളൂ. ഈ ചെറിയ തുക കൊണ്ട് എന്തു ചെയ്യാൻ കഴിയുമെന്നാണ് ഇവർ ചോദിക്കുന്നത്. വീട് ഉപേക്ഷിച്ച് ഇറങ്ങിയിട്ടും കാട്ടാന ഭീതിയിൽ പൊറുതിമുട്ടിയിരിക്കുകയാണ് പാണ്ടി, ചൂരലടി ഗ്രാമവാസികൾ.