കാസർകോട്: റിപ്പബ്ലിക് ദിനത്തില്‍ ഫേസ് ബുക്കിലിട്ട പോസ്റ്റ് വിവാദമായതോടെ വിശദീകരണവുമായി ഡിസിസി പ്രസിഡന്‍റ് പി കെ ഫൈസല്‍ രംഗത്ത്. പോസ്റ്റര്‍ ഡിസൈന്‍ ചെയ്‌തപ്പോള്‍ സംഭവിച്ച പിഴവാണെന്നും ഫേസ് ബുക്ക് കൈകാര്യം ചെയ്യുന്നത് ഓഫിസിലെ ജീവനക്കാരാണെന്നും താനല്ലെന്നും ഫൈസല്‍ പറഞ്ഞു. പോസ്റ്റില്‍ സവര്‍ക്കറുടെ ഫോട്ടോ ഉണ്ടെന്ന് അറിഞ്ഞതോടെ പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്.
സംഭവം വിവാദമാക്കേണ്ട കാര്യമില്ലെന്നും ഫൈസല്‍ കൂട്ടിച്ചേര്‍ത്തു. റിപ്പബ്ലിക് ദിനത്തില്‍ ഡിസിസിയുടെ പേരില്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് ഫൈസലിന്‍റെ ഫേസ് ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്‌ത പോസ്റ്ററാണ് വിവാദത്തിന് ഇടയായത്. ബി.ആര്‍ അംബേദ്ക്കര്‍, ഭഗത് സിങ്, സുഭാഷ് ചന്ദ്ര ബോസ് തുടങ്ങിയവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ള പോസ്റ്ററില്‍ ആര്‍എസ് എസ് സൈദ്ധാന്തികന്‍ വിഡി സവര്‍ക്കറുടെ ചിത്രമാണ് വിവാദത്തിന് ഇടയാക്കിയത്.
പോസ്റ്റിനെതിരെ വിവാദം വ്യാപകമായതോടെയാണ് ഫേസ് ബുക്കിന്‍റെ പോസ്റ്റ് പിന്‍വലിച്ച ഫൈസല്‍ വിശദീകരണവുമായെത്തിയത്.