കാസർകോട്: പ്രവാസി യുവാവിനെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ ആട് ഷമീർ കൊടും കുറ്റവാളിയെന്ന് പൊലീസ്. ഇയാളുടെ നേതൃത്വത്തില്‍ ജില്ലയില്‍ ക്വട്ടേഷൻ സംഘം പ്രവർത്തിക്കുന്നുണ്ടെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെ ജില്ലയിലെ ക്വട്ടേഷന്‍ സംഘങ്ങളെ കുറിച്ച് പൊലീസ് അന്വേഷണം ഈര്‍ജിതമാക്കി.
താമരശേരി കേസിലെ നടപടികൾക്ക് ശേഷം ഷമീറിനെ കാസർകോട് പൊലീസ് അറസ്റ്റ് ചെയ്‌ത് കസ്റ്റഡിയിൽ വാങ്ങും. നീലേശ്വരം സ്വദേശിയായ ഇയാള്‍ക്കെതിരെ കണ്ണൂർ, കാസർകോട് ജില്ലകളിലായി തട്ടിക്കൊണ്ടു പോകല്‍, വെടിവയ്‌പ്പ് തുടങ്ങി 26 കേസുകള്‍ നിലവിലുണ്ട്.
പ്രവാസിയായ യുവാവിനെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യ പ്രതിയായ ഷമീര്‍ എന്ന ആട് ഷമീര്‍ ഇന്നലെയാണ് (ജൂലൈ 21) പിടിയിലായത്. വയനാട്ടിലെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ചാണ് താമരശേരി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തത്. ഒപ്പമുണ്ടായിരുന്ന നാലു പേർക്കൊപ്പം കാറിൽ കയറി രക്ഷപ്പെടാനൊരുങ്ങവേയാണ് ഇയാള്‍ പിടിയിലായത്.
പൊലീസിനെ കണ്ട് ചിതറിയോടിയവരിൽ ഷമീറിനൊപ്പമുണ്ടായിരുന്ന കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശി സാജിദിനെ അന്വേഷണ സംഘം പിടികൂടി കല്‍പ്പറ്റ പൊലീസിന് കൈമാറി. സംഘത്തിലെ മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. ഇവർ സഞ്ചരിക്കാന്‍ ഉപയോഗിച്ച മാങ്കാവ് പൊക്കുന്ന് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാടക കാറിനുള്ളിൽ നിന്ന് വെടിയുണ്ടയും സ്ഫോടക വസ്‌തുവും കണ്ടെടുത്തിരുന്നു. ഇവയും കല്‍പ്പറ്റ പൊലീസിന്‍റെ കസ്റ്റഡിയിലേക്ക് മാറ്റി.
ഗൾഫില്‍ നിന്നും സ്വർണ, ഹവാല ഇടപാടുകാർക്കിടയിലെ ക്വട്ടേഷൻ നിയന്ത്രിക്കുന്ന എറണാകുളം സ്വദേശി മോനായിയുടെ നിർദേശ പ്രകാരമാണ് ക്വട്ടേഷൻ ഏറ്റെടുത്തതെന്നാണ് ഷമീർ മൊഴി നൽകിയതെന്ന് അന്വേഷണ സംഘം പറയുന്നു. കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമായതോടെ ഷമീറും കൂട്ടാളിയായ കർണാടക സ്വദേശി ഇക്കു എന്ന ഇഖ്ബാലും ഡൽഹി, നേപ്പാൾ വഴി ഒമാനിലേക്ക് രക്ഷപ്പെട്ടിരുന്നു.
എന്നാല്‍ ഒമാനില്‍ നിന്ന് മൂന്ന് ദിവസം മുമ്പ് കൊണ്ടോട്ടിയിലെത്തിയ ഷമീര്‍ സുഹൃത്തിന്‍റെ വീട്ടില്‍ താമസിക്കുകയും തുടര്‍ന്ന് വ്യാഴാഴ്‌ച രാത്രി വയനാട്ടിലെ റിസോട്ടില്‍ എത്തുകയുമായിരുന്നു. കേസില്‍ ഷമീര്‍ പിടിയിലായതോടെ ബന്ധപ്പെട്ട കേസിൽ പിടിയിലായ പ്രതികളുടെ എണ്ണം എട്ടായി.
പ്രവാസിയെ തട്ടിക്കൊണ്ടു പോയി: കഴിഞ്ഞ ഏപ്രില്‍ ഏഴിനാണ് ആട് ഷമീറിനെതിരെയുള്ള കേസിനാസ്‌പദമായ സംഭവമുണ്ടായത്. കുറുന്തോട്ടിക്കണ്ടി സ്വദേശിയായ മുഹമ്മദ് ഷാഫിയെന്ന (38) പ്രവാസി യുവാവിനെയും ഭാര്യയേയും വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. വിദേശത്ത് വച്ചുണ്ടായ സാമ്പത്തിക ഇടപാടിന്‍റെ പേരിലാണ് മുഹമ്മദ് ഷാഫിയെ സംഘം തട്ടിക്കൊണ്ടു പോയത്.