കാസർകോട്: പ്രവാസി യുവാവ് അബൂബക്കർ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. പൈവളിഗ ബായാർ കോളനി സ്വദേശി അസ്‌ഫാനെയാണ് കോഴിക്കോട് വിമാനത്താവളത്തിൽ വെച്ച് കാസർകോട് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാൾ പൈവളിഗ ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ടയാളെന്ന് പൊലീസ് പറയുന്നു.
കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് കടന്ന അസ്‌ഫാൻ ഇന്ന് രാവിലെ കോഴിക്കോട് വിമാനത്താവളം വഴി നാട്ടിലേക്ക് എത്തുമെന്ന് ജില്ല പൊലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. അസ്‌ഫാനെ കണ്ടെത്താൻ പൊലീസ് ലുക്ക്‌ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ബേക്കൽ ഡിവൈ.എസ്.പി സുനിൽ കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അസ്‌ഫാനെ അറസ്റ്റ് ചെയ്‌തത്.
Read More: കാസർകോട്ടെ പ്രവാസി യുവാവിന്‍റെ കൊലപാതകം : മുഖ്യപ്രതികളായ രണ്ടുപേർ അറസ്റ്റിൽ
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. പതിനഞ്ച് പേരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. മറ്റ് പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ജൂൺ 26നാണ് സീതാംഗോളിയിലെ അബൂബക്കർ സിദ്ദിഖിനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. പണം വിദേശത്തേക്ക് കടത്തുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു ക്രൂരമായ കൊലപാതകം.
Read More: പ്രവാസി സിദ്ദിഖ് നേരിട്ടത് ക്രൂരപീഡനമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്