കാസർകോട്: മുഖ്യമന്ത്രിയെ അക്രമിക്കുന്നവരെ പ്രതിരോധിക്കുകയാണ് ഗൺമാന്‍റെ ചുമതലയെന്നും
ഗൺമാൻ ചെയ്തത് അദ്ദേഹത്തിന്‍റെ ദൗത്യമെന്നും എല്‍ഡിഎഫ് കൺവീനർ ഇപി ജയരാജൻ. ആ ദൗത്യം നിർവഹിച്ചില്ലെങ്കിൽ അദ്ദേഹത്തിനെതിരെ പൊലീസ് നടപടിയെടുക്കും. ഗൺമാൻ തമാശയ്ക്ക് നടക്കുന്ന ആളല്ലെന്നും ഇപി ജയരാജൻ പറഞ്ഞു.
ആലപ്പുഴയിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ഉണ്ടായ ക്രൂരമർദനത്തിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഇപി ജയരാജന്‍റെ പ്രതികരണം. ഇപ്പോൾ നടക്കുന്നത് ഭീകര പ്രവർത്തനമാണ്.
കോൺഗ്രസിനകത്തുള്ള ക്രിമിനൽ സ്വഭാവമുള്ളവരാണ് അക്രമത്തിന് പിന്നിൽ. കല്ലുമെടുത്ത് പ്രതിപക്ഷ നേതാവ് തന്നെ ഇറങ്ങട്ടെ. മുസ്ലീം ലീഗ് ഈ പ്രതിഷേധത്തിനൊപ്പമില്ല. ലീഗ് നേതൃത്വം ശരിയായ നിലപാടാണ് സ്വീകരിക്കുന്നത്. കോൺഗ്രസിനകത്ത് ക്രിമിനൽ സ്വഭാവമുള്ള ചിലരുണ്ട്. അവർ കല്ലും കൊണ്ടു നടക്കുന്നു. പ്രതിപക്ഷ നേതാവ് ഉപദേശിച്ച് ഈ പ്രതിഷേധങ്ങൾ നിർത്തുന്നതാണ് നല്ലതെന്നും ഇപി പറഞ്ഞു.
പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം സ്വാഗതാർഹമാണ്. മുസ്ലീം ലീഗിന് വി.ഡി സതീശനെ പോലെ തീവ്ര നിലപാടില്ല. കേരള താൽപ്പര്യത്തിനൊപ്പമാണ് മുസ്ലീം ലീഗ് നിലപാടെന്നും ഇപി ജയരാജൻ കാസർകോട് മാധ്യമങ്ങളോട് പറഞ്ഞു.
പക്വത എത്തിയ ഭരണാധികാരിയുടെ നിലപാടല്ല ഗവർണർ സ്വീകരിച്ചതെന്നും ഇപി കൂട്ടിച്ചേര്‍ത്തു എന്താണ് അദ്ദേഹം വിളിച്ചു പറയുന്നത്. ഗവർണർ ഇങ്ങനെ പെരുമാറാൻ പാടില്ല.
ഗവർണറുടെ നിലപാട് സംബന്ധിച്ച് പരിശോധിക്കണം. കാറിൽ നിന്ന് പുറത്തിറങ്ങിയത് കണ്ട് ഞാൻ തന്നെ അത്ഭുതപ്പെട്ടു. വിദ്യാർഥികളോട് സംസാരിച്ച് പ്രശ്‍നം പരിഹരിക്കുകയാണ് വേണ്ടത്. തനാണ് ചാൻസിലർ എങ്കിൽ അങ്ങനെയാണ് ചെയ്യുക എന്നും ഇപി പറഞ്ഞു.