കാസർകോട്: എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം പദ്ധതിയുടെ നിര്‍മാണ പ്രവൃത്തി ഏപ്രിലില്‍ തന്നെ ആരംഭിക്കുമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്ററുടെ ഉറപ്പ്. മുളിയാറില്‍ 2020ലാണ് എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമത്തിനു തറക്കല്ലിട്ടത്. എന്നാൽ രാജ്യത്തിന് തന്നെ മാതൃകയാകുമെന്ന് കരുതിയ പദ്ധതിയുടെ പ്രവൃത്തി ആരംഭിക്കാനായില്ല. ഇതോടെ പ്രതിഷേധം ശക്തമായി.
മുളിയാര്‍ പഞ്ചായത്തില്‍ 25 ഏക്കര്‍ ഭൂമിയാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത ഗ്രാമത്തിനായി വകയിരുത്തിയത്. 2020 ജൂലൈ നാലിന് മന്ത്രി കെ.കെ ശൈലജ വീഡിയോ കോണ്‍ഫറന്‍സിലൂടെ തറക്കല്ലിട്ടു. 10 മാസത്തിനകം ആദ്യഘട്ടം പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഒന്നുമുണ്ടായില്ല.
കെയര്‍ഹോം, ലൈബ്രറി, ഫിസിയോ തെറാപ്പി മുറികള്‍, റിക്രിയേഷന്‍ റൂമുകള്‍, ക്ലാസ് മുറികള്‍, സ്‌കില്‍ ഡെലവപ്മെന്‍റ് സെന്‍ററുകള്‍, പരിശോധന മുറികള്‍, താമസ സൗകര്യങ്ങള്‍ തുടങ്ങിയവ പുനരധിവാസ ഗ്രാമത്തില്‍ ഒരുക്കുമെന്നായിരുന്നു പ്രഖ്യാപനം. ദുരിത ബാധിതകര്‍ക്ക് സംരക്ഷണം, ശാസ്ത്രീയ പരിചരണം, പുനരധിവാസം എന്നിവയായിരുന്നു പദ്ധതിയില്‍ ഉറപ്പ് നൽകിയത്. ഏപ്രിൽ ഏഴിന് പ്രവൃത്തി ആരംഭിക്കുമെന്നാണ് മന്ത്രി എം.വി ഗോവിന്ദൻ ഉറപ്പ് നൽകിയത്.
യു.എസ്.സി.സിയുമായി ജില്ല സാമൂഹ്യ നീതി ഓഫിസര്‍ കരാര്‍ ഒപ്പ് വെച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. അര്‍ഹരായ എല്ലാ ദുരിതബാധിതര്‍ക്കും നീതി ഉറപ്പാക്കാനാണ് സെല്‍ പ്രവര്‍ത്തിക്കുന്നതെന്നും അത് തുടരുമെന്നും മന്ത്രി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ സെല്‍ ചെയര്‍മാനാണ് ഇപ്പോൾ മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ.
പുനഃസംഘടിപ്പിച്ച എന്‍ഡോസള്‍ഫാന്‍ പുനരധിവാസ സെല്ലിന്‍റെ യോഗവും ചേർന്നു. എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടതും സൗജന്യമായി വീട് നല്‍കുന്നതിനായി അപേക്ഷകരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത 26 പേര്‍ക്ക് വീട് നല്‍കാന്‍ തീരുമാനിച്ചു. കാസര്‍കോട് ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെയും ജില്ല പട്ടികജാതി ഓഫിസറെയും ജില്ല പട്ടികവര്‍ഗ ഓഫിസറെയും സെല്ലില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. നേരത്തെ സെല്ലില്‍ അംഗങ്ങളായിരുന്ന പ്രതിനിധികളെ വീണ്ടും സെല്ലിന്‍റെ ഭാഗമാക്കാനും തീരുമാനമായിട്ടുണ്ട്.
Also Read: ഇനി പെണ്‍കരുത്തിലും കുതിക്കാന്‍ 108 ആംബുലന്‍സ്; ആദ്യ വനിത ഡ്രൈവറാകാന്‍ ദീപമോള്‍